മാലിന്യം തള്ളുന്ന തെക്കന്‍ പലയുരില്‍ കാമറ സ്ഥാപിക്കാത്തതില്‍ പൗരാവകാശ വേദി പ്രതിഷേധിച്ചു
ചാവക്കാട് : തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ചാവക്കാട് നഗരസഭ കൗൺസിൽ കൈകൊണ്ട തീരുമാനം ഇതുവരേയും നടപ്പിലാക്കാത്തതിൽ പൗരാവകാശ വേദി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ടാങ്കർ ലോറിയിൽ രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിൽ പൗരാവകാശ വേദി നഗരസഭക്ക് നൽകിയ പരാതിയുടെയും, കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ആവശ്യം ഉന്നയിച്ചതും അംഗീകരിച്ചു കൊണ്ടാണ് നിരീക്ഷണ കാമറ സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചത്.എന്നാൽ ഇതുവരേയും തീരുമാനം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യറായിട്ടില്ല.
ഇക്കഴിഞ്ഞ ദിവസം പഞ്ചാരുക്കിൽ കക്കൂസ് മാലിന്യം ഒഴുക്കാനെത്തിയ ടാങ്കർ ലോറി പോലീസ് പിടിച്ചെടുത്തിരുന്നു.എന്നാൽ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് കേസെടുത്തതു കൊണ്ടു പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുകയായിരുന്നു. കുടിവെള്ള സ്രാതസ്സുകളും, ജനവാസ കേന്ദ്രങ്ങളും മലിനപെടുത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കാനും, വാഹനങ്ങൾ കണ്ടുകെട്ടാനും അധികാരികൾ തയ്യറാകാത്തതാണ് നിരന്തരം ഇത് ആവർത്തിക്കാൻ കാരണമാകുന്നതെന്നും പൗരാവകാശ വേദി യോഗം ആരോപിച്ചു. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്ന ഒരു ലോബി തന്നെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.പോലീസിന് മാത്രമല്ല നഗരസഭ ആരോഗ്യ വിഭാഗത്തിനും ഈ വിഷയത്തിൽ ഇടപെടാൻ നിയമപരമായി തന്നെ അധികാരമുണ്ട്.
യോഗത്തിൽ പ്രസി.നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.വി.പി.സുഭാഷ്, കെ.പി.അഷ്റഫ്, നവാസ് തെക്കുംപുറം,ബിച്ചു മറഡോണ, ശ്രീധരൻ ചക്കംകണ്ടം, സി.എം.ജെനീഷ് എന്നിവർ പ്രസംഗിച്ചു.