വിവിപാറ്റിൽ തെറ്റായി സ്ലിപ്പ് വന്നാൽ പരാതിപ്പെടാം
തൃശ്ശൂർ : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ചെയ്ത വോട്ട് വിവിപാറ്റ് പേപ്പർ സ്ലിപ്പിൽ തെറ്റായി അച്ചടിച്ചുവന്നാൽ വോട്ടർക്ക് പരാതിപ്പെടാം. ഈ സാഹചര്യത്തിൽ 49എം.എ ചട്ടപ്രകാരം നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ വോട്ടറിൽനിന്ന് സത്യവാങ്മൂലം എഴുതി ഒപ്പിട്ട് വാങ്ങും. ഫോം 17എയിൽ പ്രസ്തുത വോട്ടറുടെ പേര് രണ്ടാമതും രേഖപ്പെടുത്തണം. തുടർന്ന് പ്രിസൈഡിങ് ഓഫീസറുടെയും പോളിങ് ഏജൻറുമാരുടെയും സാന്നിധ്യത്തിൽ ടെസ്റ്റ് വോട്ട് ചെയ്യാൻ അനുവദിച്ച് വിവിപാറ്റ് പേപ്പർ സ്ലിപ്പ് നിരീക്ഷിക്കുക. ആരോപണം ശരിയെന്ന് തെളിഞ്ഞാൽ, പോളിങ് നിർത്തിവെച്ച് വരണാധികാരിയായ ജില്ലാ കളക്ടറെ വിവരം അറിയിക്കും. ആരോപണം തെറ്റെന്ന് കണ്ടെത്തിയാൽ ഫോം 17 എയിൽ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ സീരിയൽ നമ്പറും പേരും രേഖപ്പെടുത്തും. റിമാർക്്‌സിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ പതിപ്പിക്കും. ഫോം 17 സിയുടെ പാർട്ട് ഒന്നിൽ ടെസ്റ്റ് വോട്ടിന്റെ വിവരം രേഖപ്പെടുത്തുകയും ചെയ്യും.