Post Header (woking) vadesheri

വിനോദിനിക്ക് ഭാവിയിൽ സർക്കാർ ജോലി നൽകണം : ബാലാവകാശ കമ്മീഷൻ

Above Post Pazhidam (working)

തിരുവനന്തപുരം : ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരി വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഉത്തരവിറക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കുട്ടിയുടെ ഭാവിജീവിതവും തൊഴില്‍ സാധ്യതകളും ഗുരുതരമായി ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ണായക നിര്‍ദേശം നല്‍കിയത്.

കൈ നഷ്ടപ്പെട്ടതിനാല്‍ ഭാവിയില്‍ സാധാരണ തൊഴില്‍ ചെയ്യാനോ സ്ഥിര വരുമാനം കണ്ടെത്താനോ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാറും അംഗം ഷാജേഷ് ഭാസ്‌കര്‍ പിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ വിദ്യാഭ്യാസവും ചികിത്സയും സര്‍ക്കാര്‍ തുടര്‍ന്നും ഏറ്റെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 21 വയസ് വരെ പഠനച്ചെലവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ചികിത്സയുടെ മുഴുവന്‍ ചെലവും ആരോഗ്യവകുപ്പ് വഹിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം മിഷന്‍ വാത്സല്യ പദ്ധതിയുടെ ആനുകൂല്യങ്ങളും പ്രത്യേക കുടുംബസാഹചര്യത്തില്‍ ആവശ്യമായ മാനസിക പിന്തുണയും കൗണ്‍സലിംഗും മാര്‍ഗനിര്‍ദേശങ്ങളും കുട്ടിക്കും കുടുംബത്തിനും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബറില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചട്ടം 45 പ്രകാരം നിര്‍ദേശിച്ചിട്ടുണ്ട്.

First Paragraph Jitesh panikar (working)

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിക്ക് വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു പിന്നീട് കൈക്ക് അണുബാധയുണ്ടായി. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ അണുബാധയ്ക്ക് പരിഹാരമില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മുറിച്ചുമാറ്റണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു.

സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ മുസ്തഫ, സര്‍ഫറാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ സര്‍ഫറാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

അതേസമയം, കുട്ടിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുകയും കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് ഭൂമി ലഭ്യമാക്കുന്നതിന് ഇടപെടലുകള്‍ നടത്തുകയും ചെയ്ത മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന മാതൃകാപരമായ ഇടപെടലാണിതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു