Madhavam header
Above Pot

വിനായകന്റെ മരണം , ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

ഗുരുവായൂര്‍ : പാവറട്ടി പോലിസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തില്‍ മനംനൊന്ത് ദളിത് യുവാവ് ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസുകാരായ സാജന്‍, ശ്രീജിത് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം.അന്യായമായി തടങ്കലില്‍വെക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമം തടയുന്നതിനുളള വകുപ്പുകളും പൊലീസുകാര്‍ക്കതിരെ ചുമത്തിയിട്ടുണ്ട്.

തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണത്തെക്കുറിച്ച് പൊലീസും ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും സാജന്‍, ശ്രീജിത് എന്നീ പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിനെ എല്‍പ്പിക്കുകയായിരുന്നു.

Astrologer

2017 ജൂലായ് 18നാണ് വിനായകന്‍ ജീവനൊടുക്കിയത്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നായിരുന്നു പരാതി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരായ സാജന്‍, ശ്രീജിത് എന്നിവരുടെ പങ്കിനെ കുറിച്ച് വ്യക്തമായത്.
ഇരുവരും പാവറട്ടി സ്റ്റേഷനില്‍ വെച്ച് വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വിനായകന് ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെട മര്‍ദ്ദനമേറ്റിരുന്നു. വിനായകനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു.

Vadasheri Footer