വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയത്തിന്റെ ബലപരിശോധന തുടങ്ങി.

Above article- 1

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന വിജിലന്‍സ് സംഘം തുടങ്ങി. ഇന്ന് രാവിലെ തൃശൂര്‍ എന്‍ജിനീയറിംഗ് കോളജിലെ വിദഗ്‌ദ്ധര്‍, ക്വാളിറ്റി കണ്‍ട്രോളര്‍ (എറണാകുളം), പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ (തൃശൂര്‍) തുടങ്ങിയവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമര്‍ ടെസ്റ്റ്, കോണ്‍ക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോര്‍ ടെസ്റ്റ് തുടങ്ങിയവ നടത്തും. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജിലായിരിക്കും കോണ്‍ക്രീറ്റ് പരിശോധിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി രൂപ ചെലവാക്കിയാണ് 140 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച്‌ ആരോഗ്യകേന്ദ്രം നിര്‍മ്മിക്കുമെന്നാണ് കരാര്‍.
പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷന്‍ നല്‍കിയതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. 2019 ജൂലൈ 11നാണ് കരാര്‍ ഒപ്പുവച്ചത്. എം.ശിവശങ്കറിന്റേതടക്കമുള്ള ഫോണുകള്‍ പരിശോധിച്ചതിന്റെ വിശദാംശങ്ങള്‍ സിഡാക്കില്‍നിന്ന് വെള്ളിയാഴ്ച ലഭിക്കും. ലോക്കറിലെ ഒരു കോടി രൂപ ശിവശങ്കറിന്റെതാണോയെന്ന് ഫോണ്‍ പരിശോധനയിലൂടെ മനസിലാക്കാനാകുമെന്നാണ് വിജിലന്‍സ് സംഘത്തിന്റെ പ്രതീക്ഷ.

Vadasheri Footer