Header

തീ കൊളുത്തി മരണം , വേണുഗോപാലന്‍നായരുടെ മരണമൊഴി പുറത്ത്

തിരുവനന്തപുരം: ബിജെപിയുടെ നിരാഹാര സമരപന്തലിന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച്‌ സ്വയം തീകൊളുത്തി , ആശുപത്രിയിൽ വച്ച് മരണമടയുകയും ചെയ്ത വേണുഗോപാലന്‍നായരുടെ മരണമൊഴി പുറത്ത്. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും തുടര്‍ന്ന് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നുമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മരണ മൊഴി. ആത്മഹത്യ ചെയ്യാന്‍ തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ശരീരത്തില്‍ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുഗോപാലന്‍ നായര്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്
ഇയാളുടെ മരണത്തിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചത്.

മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരണ് എന്ന് ആരോപിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിനും ബിജെപി ആഹ്വാനം ചെയ്തതും.വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ. പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ വച്ച്‌ വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സമരപ്പന്തലിന് എതിര്‍വശത്തെ റോഡിലെത്തിയ വേണുഗോപാലന്‍ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഇതുകണ്ട് സമരം ചെയ്യുന്ന നേതാക്കള്‍ ഉണര്‍ന്നു. ഉടന്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പന്തലിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച്‌ തീകെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സഹായിച്ചു. തുടര്‍ന്ന് 15 മിനിട്ടിനകം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Astrologer

ഇന്നലെ ഇയാളുടെ മരണമൊഴി പുറത്ത് വന്നതിന് പിന്നാലെ അത് തെറ്റാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. തന്റെ സഹോദരന്റെ മൊഴി ആരും രേഖപ്പെടുത്തിയില്ലെന്നാണ് മരിച്ച വേണുഗോപാലിന്റെ സഹോദരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) ശരീരത്തില്‍ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്‍.ആര്‍.കെ യും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വേണുഗോപാലന്‍ നായരുടെ മൃതശരീരം ബിജെപിയുടെ സമരപ്പന്തലില്‍ എത്തിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നിരവധി ബിജെപി പ്രവര്‍ത്തകരുടെ അകമ്ബടിയോടെയാണ് മൃതശരീരം സമരപ്പന്തലില്‍ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് മൃതദേഹം എത്തിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ വലി അകമ്ബടികളോടെയാണ് മൃതദേഹം എത്തിച്ചത്.

ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് സി.കെ.പത്മനാഭനും മറ്റ് ബിജെപി നേതാക്കളും മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്ബടിയോടെ മൃതദേഹം സംസ്‌കാരത്തിനായി തിരുവനന്തപുരം ശാന്തികവാടത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ശരീരത്തില്‍ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുഗോപാലന്‍ നായര്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്.