വെങ്കിടങ്ങ് തൊയക്കാവ് ഇരട്ടക്കൊല , പ്രതിക്ക് ജീവപര്യന്തം
തൃശൂര്‍: വെങ്കിടങ്ങ് തൊയക്കാവില്‍ അമ്മയെയും മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി സോജിബുള്‍ അലിമണ്ഡലിനെ (റോബി-27)യാണ് കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപയും വീട് തീവെച്ചതിന് പത്ത് വര്‍ഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രോസിക്യഷന്‍ ഭാഗത്തു നിന്നും 36 സാക്ഷികളുടെ മൊഴികളും ഹാജരാക്കിയ രേഖകളും പരിശോധിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2015 ഏപ്രില്‍ 7നാണ് കേസിനസ്പദമായ സംഭവം.
വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വെങ്കിടങ്ങ് കോഴിപ്പറമ്ബ് ദേശത്ത് പുതുവച്ചോലയില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (55), മകള്‍ സീനത്ത് (17) എന്നിവരെയാണ് പ്രതി പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയത്. അയല്‍പ്പക്കത്ത് വീടുപണിക്കുവന്ന പ്രതിക്ക് സീനത്തിനെ വിവാഹം ചെയ്തു കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യംമൂലമായിരുന്നു കൊലപാതകം. രണ്ടുപേരും ഉറങ്ങിയിരുന്ന മുറിയുടെ ഓടിളക്കിയശേഷം ആ വിടവിലൂടെ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് തീയിട്ടത്.
കുഞ്ഞിപ്പാത്തുവിന്റെ ദേഹം പൂര്‍ണമായും കരിഞ്ഞുപോയിരുന്നു. സീനത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാംദിവസം മരിച്ചു. സീനത്തിന്റെ മരണമൊഴിയും സാക്ഷിമൊഴികളുമാണ് നിര്‍ണായകമായത്. സംഭവം നടന്ന് അഞ്ചുമണിക്കൂറിനകം പ്രതി അറസ്റ്റിലായി. നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധനങ്ങള്‍ ഒരുക്കുന്നതിനിടെ അന്ന് പാവറട്ടി എസ് ഐ ആയിരുന്ന എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാലെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. 57 സാക്ഷികള്‍ ഉണ്ടായിരുന്നതില്‍ 36 പേരെ വിസ്തരിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഭിഭാഷകരായ റാംസിന്‍, അമീര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി