ക്ഷേത്രത്തിൽ വഴിപാട് വരുന്ന നേന്ത്ര കുലകൾ നിസാര തുകക്ക് ഉന്നത ഉദ്യോഗസ്ഥ കൈക്കലാക്കുന്നതായി ആക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് വരുന്ന നേന്ത്ര കുലകൾ ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥ നിസാര തുക നൽകി വേണ്ടപ്പെട്ടവർക്ക് നൽകുന്നതായി ആക്ഷേപം . ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാട് ആയി നൽകുക ഏറ്റവും മികച്ച കുലകൾ ആണ് .അതാണ് ഉദ്യോഗസ്ഥ നിശ്ചയിക്കുന്ന വിലക്ക് അവർ കൊണ്ട് പോകുന്നതെന്നാണ് ദേവസ്വം ജീവനക്കാരുടെ ആക്ഷേപം. ക്ഷേത്രത്തിൽ വഴിപാട് വരുന്ന വസ്തുക്കൾ ക്ഷേത്ര ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കിൽ പരസ്യമായി ലേലം ചെയ്യണമെന്നാണ് വ്യവസ്ഥ .
ഇത് ലംഘിച്ചാണ് ഇന്നലെ വഴിപാട് വന്ന കുലകളിൽ ഏറ്റവും മികച്ച രണ്ടെണ്ണം അവർ നിശ്ചയിച്ച വിലക്ക് വീട്ടിലേക്ക് കൊണ്ട് പോയതത്രെ .ക്ഷേത്രത്തിലെ വിളക്ക് തുടക്കുന്ന താൽക്കാലിക ജീവനക്കാരാണ് ഇത് ഉദ്യോഗസ്ഥയുടെ വീട്ടിലേക്ക് എത്തിച്ചത് . പൂരാട നാളിൽ വഴിപാട് വന്നതിൽ മികച്ച നാല് നേന്ത്രകുലയാണ് ഉദ്യോഗസ്ഥക്ക് വേണ്ടിലേലം ചെയ്യാതെ മാറ്റി വെച്ചത് .ക്ഷേത്രത്തിലും പുറത്തും വെച്ചിട്ടുള്ള സി സി ടി വി കാമറയില് ദൃശ്യങ്ങൾ പരിശോധിച്ചാൽ സംഭവം വെളിച്ചത്ത് വരുമെന്നും ജീവനക്കാർ പറയുന്നു . നേരത്തെയും ഇത്തരം പ്രവർത്തികൾ ഈ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായും ഇവർ കൂട്ടിച്ചേർത്തു .
ഭഗവാന് ലഭിക്കുന്ന ഉത്രാട ദിന കാഴ്ച കുലകളിൽ മികച്ച എത്ര കുലകൾ ഈ ഉദ്യോഗസ്ഥക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരുമെന്ന് ഒരു പിടിയും കിട്ടുന്നില്ല എന്നാണ് ജീവനക്കാർ അടക്കം പറയുന്നത്. ഇതിന് മുൻപ് പല ഭരണ സമിതികളും . ഉദ്യോഗസ്ഥരും ക്ഷേത്ര ഭരണം കയ്യാളിയിട്ടുണ്ടെങ്കിലും ഇത്രയും തരം താണ പ്രവൃത്തി ഇതിന് മുൻപ് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും ഭക്തരും അഭിപ്രായപ്പെട്ടു