താക്കോല്‍ നഷ്ടപ്പെട്ട് ഫ്‌ളാറ്റില്‍ കയറാനാകാതെ വിഷമിച്ചിരുന്ന വയോധികയെ ആര്‍.ഡി.ഒ ബന്ധുക്കള്‍ക്കൊപ്പം അയച്ചു.

ഗുരുവായൂർ : താക്കോല്‍ നഷ്ടപ്പെട്ട് ഫ്‌ളാറ്റില്‍ കയറാനാകാതെ വിഷമിച്ചിരുന്ന വയോധികയെ ആര്‍.ഡി.ഒ ഇടപ്പെട്ട് ബന്ധുക്കള്‍ക്കൊപ്പം അയച്ചു. വര്‍ഷങ്ങളായി ഗുരുവായൂരില്‍ ഒറ്റക്ക് താമസിച്ചിരുന്ന പാലക്കാട് സ്വദേശിയായ ശിവശങ്കരപിള്ളയുടെ ഭാര്യ മോഹന മേനോനെ (89) യാണ് ആര്‍.ഡി.ഒ എന്‍.കെ.കൃപയുടെ ഇടപെടലിലൂടെ മകന്‍ ദീപകിന്റെ ഭാര്യ കുമാരി കൂട്ടികൊണ്ടുപോയത്. പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കറായി ചെന്നൈയില്‍ ജോലി നോക്കിയിരുന്ന മോഹന ഭര്‍ത്താവിന്റെ തിരോധാനത്തെ തുടര്‍ന്നാണ് 16 വര്‍ഷം മുമ്പ് ഗുരുവായൂരിലെത്തിപ്പെട്ടത്. ഗുരുവായൂരിലെ വിവിധ ഫ്‌ളാറ്റുകളില്‍ മാറി താമസിച്ച് നിത്യവും ക്ഷേത്രദര്‍ശനം നടത്തി വരികയായിരുന്നു. വാര്‍ധ്യക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അവശയായ ഇവര്‍ കഴിഞ്ഞ ദിവസം രാത്രി താക്കോല്‍ നഷ്ടപ്പെട്ട് ഫ്‌ളാറ്റില്‍ കയറാകാനാകാതെ വിഷമിച്ചിരുന്നു. ഫയര്‍ഫോഴ്‌സെത്തി പൂട്ട്തകര്‍ത്താണ് ഇവരെ അകത്തേക്ക് കയറ്റിയത്. ഓര്‍മ്മക്കുറവുള്ള ഇവരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമ എറണകുളം സ്വദേശി പ്രകാശ് ചന്ദ്രന്‍ ആര്‍.ഡി.ഒയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആര്‍.ഡി.ഒ കൃപ, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് ബിനി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. മരുമകള്‍ കുമാരി എത്തി ഇവരെ ചെന്നൈയിലേക്ക് കൂട്ടികൊണ്ടു പോയി