
വാജി വാഹനം തന്ത്രിക്ക് കൈമാറിയത് ഹൈക്കോടതി അറിവോടെ.

തിരുവനന്തപുരം: ശബരിമലയിലെ വാജി വാഹനം തന്ത്രി കണാരര് രാജീവരർക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്ന് റിപ്പോർട്ട്. നടപടികൾ എല്ലാം നടന്നത് ഹൈക്കോടതിയുടെ അറിവോടെയാണെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. 2017 മാർച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

നടപടികൾ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ്. വാജി വാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പടെയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം കസ്റ്റഡിയിൽ എടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റ് വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാണ്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. അയ്യപ്പൻ്റെ വാഹനം എന്ന സങ്കല്പത്തിലാണ് വാജി(കുതിര )വാഹനം. ക്ഷേത്ര കൊടി മരത്തിന്റെ മുകളിൽ അതാത് ദേവന്മാരുടെ വാഹന രൂപം സ്ഥാപിക്കും.
2017ൽ ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിച്ചിരുന്നു . ഇതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വാജി വാഹനം തൻ്റെ വസതിയിലുണ്ടെ തന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ വാജി വാഹനം തിരിച്ചു നൽകാമെന്ന് തന്ത്രി പറഞ്ഞെങ്കിലും കേസ് നടക്കുന്നതിനാൽ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ തയ്യാറായില്ല. തന്ത്ര സമുച്ചയത്തിൽ പറയുന്ന പ്രകാര മാണ് തന്ത്രിക കാര്യങ്ങളിൽ കേരളത്തിലെ ക്ഷേത്ര ങ്ങൾ പിൻ തുടരുന്നത്

