യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു.
ചാവക്കാട് : മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷിച്ചു. തിരുനാളുകളുടെ തിരുനാളായാണ് ഈസ്റ്ററിനെ കത്തോലിക്കാ സഭ കാണുന്നത്. ശനിയാഴ്ച രാത്രി 11.30 ന് ആരംഭിച്ച ഈസ്റ്റർ തിരുകർമ്മങ്ങൾ പുലർച്ച 1.30 മണി വരെയുണ്ടായിരുന്നു. തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമ്മികത്വം വഹിക്കുകയും ഈസ്റ്റർ ദിന സന്ദേശം നൽകുകയും ചെയ്തു. സഹ വികാരി ഫാദർ മിഥുൻ വാടക്കേത്തല, ഫാദർ ജോജോ ചക്കും മൂട്ടിൽ എന്നിവർ സഹകാർമ്മികരായി . തിരുകർമ്മങ്ങളോടനുബന്ധിച്ച് സി എൽ സി സംഘടനയുടെ നേതൃത്വത്തിൽ പാരിഷ് ഹാളിൽ ഉയിർപ്പിന്റെ ദ്യശ്യാവിഷ്കാരമൊരുക്കിയിരുന്നു. ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ രൂപവുമായി ദേവാലയത്തിലേക്ക് തിരി പ്രദക്ഷിണമുണ്ടായിരുന്നു. ഉയിർപ്പുതിരുന്നാളിന്റെ ദിവ്യബലിയും മറ്റു തിരുകർമ്മങ്ങളും സമാപിച്ചപ്പോൾ ഭക്ത ജനങ്ങൾക്ക് ഹാളിൽ വലിയ നോമ്പു അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നേർച്ച വെള്ളപ്പവും ഇറച്ചിക്കറിയും നൽകി