Header 3

‘ഉരുണ്ട് കളിക്കരുത്’ ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുൻപൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്തിന് മോൻസന്റെ വീട്ടില്‍ പോയെന്നും, മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേയെന്നും കോടതി ഇന്ന് നടന്ന വാദത്തിനിടെ ചോദിച്ചു.

Astrologer

മനോജ് അയച്ച കത്ത് എവിടെയെന്ന് ചോദിച്ച കോടതി സത്യവാങ്മൂലം വായിച്ച് നോക്കാനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. മോൻസൺ കേസില്‍ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. സെൻസിറ്റീവായ വിവരങ്ങൾ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകിയതെന്ന് സർക്കാർ പറഞ്ഞു. കോടതിക്ക് നൽകിയ മൂന്ന് കത്തിൽ ഒന്ന് നോട്ട് ഫയൽ ആണെന്നും സർക്കാർ വ്യക്തമാക്കി.

ഈ ഘട്ടത്തിലാണ് ഇൻ്റലിജൻസ് മേധാവിയായ എഡിജിപി മനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചത്. മോൻസന്റെ വീട് സന്ദർശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജൻസിന് കത്ത് നൽകി എന്നല്ലേ ആദ്യം പറഞ്ഞതെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ചു നോക്കാൻ സ‍ർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

ലോകനാഥ് ബെഹ്‌റയും മനോജ്‌ എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ? കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു.

ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരി​ഗണിച്ചപ്പോൾ കേസിൽ ഒന്നും ഒളിച്ചു വെക്കാനില്ലെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈക്കോടതിയിൽ മറുപടി നൽകി. എന്നാൽ ഈ വാദത്തെ വിമ‍ർശിച്ച കോടതി മുൻഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോൻസനെ കാണാൻ പോയതിനെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന് ചോദിച്ചു. മോൻസനെ ഇവർക്ക് പരിചയപ്പെടുത്തിയത് ആരാണെന്ന് ചോദിച്ച കോടതി ഇത്തരം ചോദ്യങ്ങൾ ഇനിയും ചോദിക്കുമെന്നും പറഞ്ഞു.

പ്രവാസി മലയാളി അനിത പിള്ള ആണ് ഡിജിപിയെ മോൻസന് പരിചയപ്പയെപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ ഈ ഘട്ടത്തിൽ കോടതിയെ അറിയിച്ചു. മുൻ ഡിജിപിയുടെ മൊഴിയിൽ ഇക്കാര്യമുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. അനിത പുല്ലയിൽ പുരാവസ്തുക്കളും പെയ്ൻ്റിം​ഗും കാണാനാണ് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ മോൻസൻ്റെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം അറിയിച്ചു.

മോൻസന്റെ വീട്ടിൽ പോയ ഉന്നത ഉദ്യോ​ഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവീസിലുണ്ടല്ലോ എന്ന് ചോദിച്ച കോടതി അയാൾ പിന്നീട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. അന്ന് ഇക്കാര്യം അന്വേഷിച്ചെങ്കിൽ ഇത്ര വലിയ തട്ടിപ്പ് ആയി ഇത് മാറുമായിരുന്നില്ലെന്നും കോടതി വിമർശിച്ചു. 2020 ജനുവരിയിൽ മോൻസനെതിരെ ഇന്റലിജിൻസിൻ്റെ റിപ്പോർട്ട്‌ കിട്ടിയിട്ടും എന്ത് നടപടിയാണ് പൊലീസ് സ്വീകരിച്ചത്. റിപ്പോർട്ടുകൾ പൂഴ്ത്തി വയ്ക്കാൻ ഉള്ളതല്ലെന്ന് വിമ‍ർശിച്ച കോടതി ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതിയാണോ എന്നും ചോദിച്ചു. മോൻസനുമായി ബന്ധമുണ്ടായിരുന്ന ഐജി ലക്ഷ്മണ എന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ കേസ് വരുന്നതിനു മുൻപ് മോൻസൻ വിശുദ്ധൻ ആയിരുന്നുവെന്നും ഇഡിയ്ക്ക് കത്തയച്ച ഡിജിപി എന്ത് കൊണ്ടു മോൻസനെതിരെ നടപടി എടുത്തില്ലെന്ന് ചോദിച്ചു. ഇഡിക്ക്‌ നൽകിയ കത്തിൽ പോലും മ്യൂസിയം എന്നാണ് മോൻസൻ്റെ പുരാവസ്തു ശേഖരത്തെ ഡിജിപി വിശേഷിപ്പിച്ചത്. ജനുവരിയിൽ ഇന്റലിജിൻസ് റിപ്പോർട്ട്‌ കിട്ടിയിട്ടും മോൻസൻ സ്വന്തന്ത്രൻ ആയി നടന്നുവെന്നും പുതിയ ഡിജിപിയ്ക്ക് വരെ അയാൾ ഉപഹാരം നൽകുന്ന സ്ഥിതിയുണ്ടായെന്നും ഹൈക്കോടതി വിമ‍ർശിച്ചു.

മോൻസനെതിരെ കൃത്യമായ പോലീസ് നടപടി ഉണ്ടായെങ്കിൽ പോക്സോ കേസും, ബാലത്സഗ കേസും വരുമായിരുന്നില്ല. മോൻസന് എതിരെ വിപുലമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ച കോടതി മോൻസനെതിരെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും ഇയാൾക്ക് എങ്ങനെ വിദേശ യാത്ര നടത്താനായെന്നും എന്തുകൊണ്ട് വിദേശയാത്രയടക്കം തടയാൻ ഉദ്യോഗസ്ഥർക്കായില്ലെന്നും ചോദിച്ചു. ഇഡിയെ കേസിൽ കക്ഷി ചേ‍ർക്കാൻ ഹർജിക്കാരന് കോടതി ഇന്ന് അനുമതി നൽകിയിട്ടുണ്ട്. കേസിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് സ‍ർക്കാരിനോട് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് നവംബർ 19-ലേക്ക് മാറ്റിവച്ചു.