കേരളത്തിലെ ഉന്നതവിദ്യഭ്യാസരംഗം ആഗോള മികവിലേക്കുയരണം: എസ് എസ് എഫ്
തൃശ്ശൂർ: കേരളത്തിലെ ഉന്നതവിദ്യഭ്യാസരംഗം ഏറെ നിരാശപ്പെടുത്തുന്നുവെന്നും മികച്ച നിലവാരത്തിലേക്ക് ഉന്നതവിദ്യഭ്യാസ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ കൈകൊള്ളണമെന്നും എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ്, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു.
യൂനിവേഴ്‌സിറ്റി, കോളേജ്, എഞ്ചിനീയറിംഗ്, ലോ, ഡെന്റല്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളില്‍ രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗ് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. വ്യത്യസ്ത വിഭാഗങ്ങളില്‍ കേരളത്തില്‍ നിന്ന് പട്ടികയുടെ ആദ്യ പത്തില്‍ ഇടം പിടിച്ചത് ഒരു സ്ഥാപനം മാത്രമാണ്. ഉന്നതവിദ്യഭ്യാസരംഗം കൈകാര്യം ചെയ്യാനായി വകുപ്പ് മന്ത്രിയുള്ള സംസ്ഥാനമാണ് നമ്മുടേത്.
ആ സാധ്യതയെ കൃത്യമായ ആസൂത്രണങ്ങളോടെ ഉപയോഗപ്പെടുത്താന്‍ നമുക്കാകണം. ഇതിനായി ലോകത്തെ മുന്‍നിര സര്‍വകലാശാലകളിലെ രീതികള്‍ പഠിച്ച് മാതൃകായോഗ്യമായവ സ്വീകരിക്കേണ്ടതുണ്ട്. മികച്ച അക്കാഡമിക് അന്തരീക്ഷം ലഭിക്കുന്നതിന് കേരളത്തിന് പുറത്തേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ ഗൗരവമായി കാണേണ്ടതുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥി സൗഹൃദമായ പദ്ധതികളിലൂടെ കേരളത്തിന്റെ ഉന്നതവിദ്യഭ്യാസരംഗത്തെ നിലവാരം മികച്ചതാക്കാന്‍ കഴിയുമെന്നും പ്രമേയം പറഞ്ഞു. എസ് എസ്എഫ് സംസ്ഥാന കാമ്പസ് സെക്രട്ടറി ഡോ: അബൂബക്കര്‍ കാടാമ്പുഴ പ്രമേയം അവതരിപ്പിച്ചു.
സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ധീന്‍ ഫാളിലി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ കാസര്‍ക്കോട് എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകള്‍ക്ക് ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍,ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ശഫീഖ് ബുഖാരി, ഡോ. നൂറുദ്ധീന്‍ റാസി എന്നിവര്‍ നേതൃത്വം നല്‍കി.