ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു.
ഗുരുവായൂർ: ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ് . ക്ഷേത്രവും ഉത്സവച്ചടങ്ങുകളും അഷ്ടദിക്പാലകരെ ഏൽപ്പിച്ച ഗുരുവായൂരപ്പൻ ഇനിയുള്ള ഉത്സവദിനങ്ങളിൽ ആഘോഷച്ചടങ്ങുകൾ തന്റെ പ്രജകൾക്കൊപ്പം ആസ്വദിക്കാനായി രാജകീയപ്രൗഢിയിൽ എഴുന്നള്ളുന്നു എന്നതാണ് ഈ ചടങ്ങിന്റെ ഐതിഹ്യം.
എട്ട് സ്ഥാനങ്ങളിലായി ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങൾക്കരികിലാണ് ദിക് കൊടികൾ സ്ഥാപിച്ചത്. ചെറിയ മുളങ്കാലുകളിലാണ് കൊടിയും മണിയും കെട്ടിയത്. തുടർന്ന് നടന്ന എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളം അരങ്ങേറി. എഴുന്നള്ളിപ്പിന് മുന്നിൽ തഴ, സൂര്യമറ, കൊടികൾ എന്നിവ അകമ്പടിയായി. തുടർന്നായിരുന്നു ക്ഷേത്രത്തിൽ പാലഭിഷേകം, നവകം, പന്തീരടിപൂജ എന്നിവ. ശേഷം ശ്രീഭൂതബലി ചടങ്ങുകൾക്ക് ആരംഭമായി. മൂന്ന് പ്രദക്ഷിണം നടന്നും നാലാമത് ഓട്ടപ്രദക്ഷിണവുമാണ് ശ്രീഭൂതബലിക്ക്.
ഭൂതഗണങ്ങൾക്ക് അന്നം നൽകുമ്പോൾ മേൽനോട്ടം വഹിക്കാൻ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നു എന്നതാണ് ഇതിന്റെ സങ്കൽപ്പം. ഒറ്റശ്വാസത്തിൽ ക്ഷേത്രം പ്രദക്ഷിണം വെച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം. ഇതിനായി ഹവിസുമായി ഓതിക്കൻ ശരവേഗത്തിൽ ഓടും. പിന്നാലെ ആനപ്പുറത്ത് ഗുരുവായൂരപ്പനും. തുടർന്ന് ഗുരുവായൂരപ്പനെ സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു. നാലമ്പലത്തിനകത്ത് ശ്രീകോവിലിനു തെക്ക് ഭാഗത്തായി സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പ് എഴുന്നള്ളിച്ചു