ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയും എം പി യും പരസ്യമായി ഏറ്റുമുട്ടി
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയും എം പി യും പരസ്യമായി ഏറ്റുമുട്ടി. എംപി ശരത് ത്രിപാഠിയും എംഎല്‍എ രാകേഷ് സിങുമാണ് ഏറ്റുമുട്ടിയത്. ശിലാഫലകത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്നാരോപിച്ച് എംപി ഷൂ ഉപയോഗിച്ച് അടി തുടങ്ങുകയായിരുന്നു. ജില്ലാ വികസന യോഗത്തിലായിരുന്നു സംഭവം. ഇരുവരും ഷൂസ് ഉപയോഗിച്ച് തമ്മിലടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
റോഡ് വികസന പദ്ധതിയുടെ ശിലാഫലകത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്ത കാര്യം പറഞ്ഞുകൊണ്ട് എംപി യോഗത്തിനിടെ എംഎല്‍എയോട് ദേഷ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ തീരുമാന പ്രകാരമാണ് ശരത് ത്രിപാഠിയുടെ പേര് ഒഴിവാക്കിയതെന്ന് എംഎല്‍എ പറഞ്ഞതോടെ വഴക്ക് ആരംഭിച്ചു. വാക്ക് തര്‍ക്കം തല്ലില്‍ കലാശിക്കുകയായിരുന്നു.
ശരത് ത്രിപാഠി ചെരിപ്പൂരി എംപി യെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ എംഎല്‍എയും തിരിച്ചടിച്ചു. ഇരുവരെയും പോലീസ് എത്തിയാണ് നീക്കിയത്. തുടര്‍ന്ന് ശരത് ത്രിപാഠിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാകേഷ് സിങ്ങും അനുയായികളും കളക്ടറേറ്റിന് മുന്നില്‍ നിരാഹാരമിരുന്നു.
വികസന പദ്ധതികളെക്കുറിച്ച് ആലോചിക്കാനായിരുന്നു ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ശാന്ത് കബിര്‍ നഗറില്‍ ഔദ്യോഗിക യോഗം ചേര്‍ന്നത്. മാധ്യമപ്രവര്‍ത്തകരും സാധാരണ ജനങ്ങളും ഉള്‍പ്പെടെ നിരവധിപ്പേരായിരുന്നു യോഗത്തിനെത്തിയത്. എല്ലാവരുടെയും മുന്നില്‍ വെച്ചായിരുന്നു ജനപ്രതിനിധികള്‍ ഏറ്റുമുട്ടിയത്.