തിരുവനന്തപുരം മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന ,രണ്ട് പേർ കസ്റ്റഡിയിൽ

">

തിരുവനന്തപുരം: മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാവാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായതായി ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.

പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ ഇത്രവലിയ തീപ്പിടിത്തമുണ്ടാവുമെന്ന് ജീവനക്കാര്‍ വിചാരിച്ചിരുന്നില്ലെന്നാണ് സൂചന. ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് പോലീസ് അറിയിച്ചു

ഇതിനിടെ തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയര്‍ഫോഴ്സ്, തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും അട്ടിമറി സാധ്യത പരിശോധിക്കേണ്ടത് പൊലീസെന്നും ഫയര്‍ഫോഴ്സ് പറഞ്ഞു. മതിയായ സുരക്ഷാക്രമീകരണം ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടി. ഫയര്‍ഫോഴ്സ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. വ്യവസായ ശാലയ്ക്ക് നിലവില്‍ ഫാക്ടറീസ് ആന്‍റ് ബൊയിലേഴ്സിന്‍റെ അനുമതി മാത്രമാണുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്സ് അനുമതി നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എ. ഹേമചന്ദ്രന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors