ബിജെപിയുടെ സമരപന്തലിൽ തീകൊളുത്തി ആത്മഹത്യ ശ്രമം

">

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാലന്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഉടന്‍ പൊലീസും മറ്റുള്ളവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും, ശബരിമല വിഷയത്തിലെ ജനവികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാല്‍ അയ്യപ്പ ഭക്തനാണെന്നും സര്‍ക്കാരിന്റെ ശബരിമല വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് വേണുഗോപാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബി.ജെ.പി ആരോപിച്ചു ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കേളെജ് അധികൃതര്‍ അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Sponsors