Madhavam header
Above Pot

പൂര നഗരി ഇളക്കി മറിച്ച് പുലിക്കൂട്ടങ്ങൾ, ആവേശത്തിലാറാടി പുരുഷാരം

തൃശൂർ : പൂരനഗരി ഇളക്കി മറിച്ച് പുലിക്കൂട്ടങ്ങൾ ചുവടുവെച്ചപ്പോൾ ഇക്കുറി തൃശൂരിലെ ഓണാഘോഷം പതിനായിരങ്ങൾക്ക് ആവേശക്കാഴ്ചയായി. കഴിഞ്ഞ വർഷം പ്രളയം മൂലം മുടങ്ങിപ്പോയ പുലിക്കളി ഇത്തവണ പതിന്മടങ്ങ് ആവേശത്തിലാണ് പുലിക്കളി പ്രേമികൾ ആസ്വദിച്ചത്. പുലിക്കളിയുടെ ആവേഷത്തിനൊപ്പം ചുവടുവച്ച് ഇരമ്പിയാർത്ത പതിനായിരങ്ങൾക്ക് ആറ് പുലിസംഘങ്ങളിലെ 300 പുലിക്കൂട്ടങ്ങൾ പരമ്പരാഗതവും വൈവിധ്യവുമാർന്ന ആഘോഷ നിമിഷങ്ങളാണ് സമ്മാനിച്ചത്.

puli kali

Astrologer

മേളത്തിനൊപ്പം അരമണിക്കിലുക്കി കുടവയർ ഇളക്കി നൃത്ത ചുവടുകൾ വച്ച പുലിക്കൂട്ടങ്ങൾ വൈകീട്ട് അഞ്ചോടെയാണ് സ്വരാജ് റൗണ്ടിലെത്തി പുലിക്കളി പ്രേമികളുടെ മനസ്സ് കീഴടക്കിയത്. വിയ്യൂർ ദേശം, കോട്ടപ്പുറം സെന്റർ, തൃക്കുമാരക്കുടം, വിയ്യൂർ സെന്റർ, അയ്യന്തോൾ, കോട്ടപ്പുറം ദേശം എന്നിങ്ങനെയുള്ള പുലി സംഘങ്ങളാണ് പുലിമടകളിൽ നിന്നിറങ്ങി ഓണാവേശത്തിന് ആഘോഷത്തിമിർപ്പിന്റെ വൈവിധ്യമാർന്ന നിറക്കാഴ്ചകൾ പകർന്നു നൽകിയത്.

വൈകീട്ട് അഞ്ചിന് ബിനി ജംഗ്ഷനിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ വിയ്യൂർ സെന്റർ പുലിസംഘത്തോടൊപ്പം ചേർന്ന് പുലിക്കളിയുടെ ഫ്‌ളാഗ് ഓഫ് നടത്തി. ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ടി എൻ പ്രതാപൻ എം പി, മേയർ അജിത വിജയൻ, മറ്റ് ജനപ്രതിനിധികൾ എന്നിവരും സന്നിഹിതരായി. ശേഷം വിയ്യൂർ സെന്റർ പുലിസംഘം സ്വരാജ് റൗണ്ടിലിറങ്ങി ചുവടുവെച്ചു. പുലിക്കളിക്കെത്തിയ ആറ് സംഘങ്ങളിൽ നാലു സംഘങ്ങളും എം ജി റോഡുവഴിയാണ് സ്വരാജ് റൗണ്ടിലെത്തിയത്. പുലിക്കളി സംഘങ്ങൾ നടുവിലാവിലെ ഗണപതി കോവിലിനു മുന്നിൽ തേങ്ങയുടച്ചാണ് കളി കൊഴുപ്പിച്ചത്.
മഞ്ഞ, വെള്ള, പച്ച, വയലറ്റ്, കറുപ്പ് നിറത്തിലുള്ള പുലികളാണ് ഇത്തവണ കൂടുതലും സംഘങ്ങളിലുണ്ടായിരുന്നത്. പുള്ളി പുലികളും ഓരോ സംഘത്തിലുമുണ്ടായി. വലിയ കുടവയറുള്ള പുലികൾ മുതൽ സിക്‌സ് പാക്ക് പുലികൾ വരെ ഇത്തവണ പുലിക്കളിയെ ആവേശത്തിലാറാടിച്ചു. തൃശൂരിൽ നിന്നുല്ലാതെ ആറന്മുള, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും പുലിവേഷക്കാർ വിവിധ സംഘങ്ങളിൽ അണിനിരന്നു.

<

വിയ്യൂർ ദേശത്തിൽ ആൺ പുലികൾക്കൊപ്പം മൂന്ന് പെൺപുലികളും ചുവടുവച്ചപ്പോൾ കാണികൾക്ക് അത് വേറിട്ട അനുഭവമായി. കൊച്ചി സ്വദേശി പാർവതി, വിയ്യൂർ ചേറൂർ സ്വദേശി ഗീത, വലപ്പാട് സ്വദേശി താര എന്നിവരാണ് പുലിവേഷമിട്ടത്. തൃക്കുമാരക്കുടം വിഭാഗം മൂന്ന് കുട്ടിപ്പുലികളെ രംഗത്തിറക്കിയതും പുലിക്കളി പ്രേമികളെ ആവേശത്തിലാഴ്ത്തി. ഓരോ ദേശത്തിന്റെയും കൂടെയുണ്ടായിരുന്ന പുലിവണ്ടികളും വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളും കാണികൾക്ക് പുതുമയുള്ള നിറക്കാഴ്ചകളായി. പുലികൾക്ക് മികച്ച പുലിമുഖങ്ങൾ പരീക്ഷിച്ചതും കാണികൾക്ക് ഹരം പകർന്നു.

പുലിക്കളിയിൽ തഴക്കവും പഴക്കവുമുള്ള കോട്ടപ്പുറം ദേശം ഇരുപത്തെട്ടാം തവണയാണ് ഇത്തവണ പുലിക്കളിക്കെത്തിയത്. രണ്ട് ടാബ്ലോയും ഒരു പുലിവണ്ടിയുമായാണ് കോട്ടപ്പുറം ദേശം നഗരം കീഴടക്കിയത്. 51 പുലികൾ സംഘത്തിലുണ്ടായിരുന്നു. അയ്യന്തോൾ ദേശത്തിലാണ് സിക്‌സ് പാക്ക് പുലികൾ അണിനിരന്നത്. ഒരു കുട്ടിപ്പുലിയടക്കം ഇവിടെ 51 പേർ ചുവടുവെച്ചു. ഓരോ പുലി സംഘത്തിലും 25 മുതൽ 35 ഓളം ഇലത്താള, തപ്പ് വാദ്യകലാകാരന്മാരും അണിനിരന്നു. ആറ് സംഘത്തിലും 35 മുതൽ 51 പേർ വരെ അണിനിരന്നു. കൂടാതെ ദേശക്കാരും വാദ്യമേളങ്ങൾക്കൊപ്പം ഓരോ സംഘത്തിലും ചുവടുവച്ചു.
പുലിക്കളിയുടെ സുരക്ഷിതമായ നടത്തിപ്പ് നിയന്ത്രിച്ചത് ആയിരം പോലീസുകാരാണ്. സ്വരാജ് റൗണ്ടിലും നഗരത്തോടു ചേർന്നുമാണ് പോലീസ് സേനയെ സജ്ജമാക്കിയത്. പുലിക്കളി കാണാനെത്തുന്നവർക്ക് കോർപറേഷൻ വക കുടിവെള്ളവും വിതരണം നടത്തി. വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പ്രത്യേക പവലിയനും ഒരുക്കിയിരുന്നു.

buy and sell new

മികച്ച പുലിക്കളി സംഘത്തിന് 40,000 രൂപയും മികച്ച നിശ്ചല ദൃശ്യത്തിനു 35,000 രൂപയുമാണ് ഒന്നാം സമ്മാനമായി നൽകിയത്. പുലിക്കളിയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 30,000, 25,000 രൂപയും ട്രോഫികളും കോർപറേഷൻ നൽകി. രണ്ടാമത്തെ നിശ്ചല ദൃശ്യത്തിന 30,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയും സമ്മാനിച്ചു. പുലിക്കൊട്ടിനും പുലിവേഷത്തിനും പ്രത്യേക സമ്മാനമായി 7500 രൂപ നൽകി. ഏറ്റവും അച്ചടക്കം പാലിക്കുന്ന സംഘത്തിന് 12500 രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകി.

Vadasheri Footer