Madhavam header

വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും പൂരം പെയ്തിറങ്ങി

തൃശൂര്‍: വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും തൃശൂർ പൂരം പെയ്തിറങ്ങി. കുടമണികിലുക്കി കോലവും ആലവട്ടവും വെണ്‍ചാമരവുമായി ഗജവീരന്മാരണിനിരന്നപ്പോള്‍ പൂഴിവീഴാത്ത പൂരപ്പറമ്ബില്‍ പുരുഷാരം അലകടലായി. മേളപ്രമാണിമാരുടെ താളത്തിനൊത്ത് പൂരം നുകര്‍ന്നത് ജനലക്ഷങ്ങള്‍…

രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ നഗരം പൂരലഹരിയിലായി. ദേശദൈവങ്ങളുടെ സാന്നിധ്യമറിയിച്ച്‌ ഘടകപൂരങ്ങള്‍ ഊഴമനുസരിച്ച്‌ വടക്കുന്നാഥനെ പ്രണമിക്കാനെത്തി. പനമുക്കുംപിള്ളി ശാസ്താവും കാരമുക്ക്, ചെമ്ബൂക്കാവ്, ലാലൂര്‍, ചൂരക്കോട്ട്കാവ്, അയ്യന്തോള്‍, കുറ്റൂര്‍, നെയ്തലക്കാവ് ഭഗവതിമാരും ഒന്നൊന്നായി വടക്കുന്നാഥന്റെ നടയിലേക്ക്.
ബ്രഹ്മസ്വം മഠത്തിലേക്കുള്ള തിരുവമ്ബാടി ഭഗവതിയുടെ എഴുന്നള്ളിപ്പിന് രാവിലെ എട്ടിന് തുടക്കമായി. ഇറക്കിപ്പൂജയ്ക്ക് ശേഷം കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യത്തിന്റെ അകമ്ബടിയില്‍ 11.30ഓടെ മഠത്തില്‍ വരവ്. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ ഇറക്കിയെഴുന്നള്ളിപ്പിന്റെ സമയത്ത് കൊട്ടുന്നതിനിടെ ഇലഞ്ഞിത്തറമേളം പ്രമാണി പെരുവനം കുട്ടന്‍മാരാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ പെരുവനത്തിന് ആശുപത്രിയില്‍ പരിചരണം നല്‍കി. കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും ചേര്‍ന്ന് മേളം തുടര്‍ന്നു. ഇലഞ്ഞിത്തറമേളം തുടങ്ങുമ്ബോഴേക്കും അദ്ദേഹം തിരിച്ചെത്തി.

Astrologer

മേളപ്പെരുക്കം കഴിഞ്ഞ് തെക്കോട്ടിറക്കത്തിന് പാറമേക്കാവ് ഭഗവതി തെക്കേഗോപുരനടയിറങ്ങിയപ്പോള്‍ ആര്‍പ്പുവിളികള്‍ തീര്‍ത്ത് ജനലക്ഷങ്ങള്‍. ജനസാഗരത്തിലേക്ക് ഗജവീരന്മാരണിനിരന്നപ്പോള്‍ ദേവിമാരുടെ മുഖാമുഖം. തിരുവമ്ബാടി ചെറിയ ചന്ദ്രശേഖരനായിരുന്നു ഭഗവതിയുടെ തിടമ്ബേറ്റിയത്. പാറമേക്കാവിനു വേണ്ടി ഗുരുവായൂർ നന്ദൻ തിടമ്പേറ്റി . തുടര്‍ന്ന് കുടമാറ്റവിസ്മയത്തില്‍ വടക്കുന്നാഥ മൈതാനത്ത് വര്‍ണങ്ങളുടെ പൂമഴ പെയ്തു.

കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംനേടിയ ശബരിമല വിഷയം കുടമാറ്റത്തിലും പ്രതിഫലിച്ചു. പതിനെട്ടാംപടിക്കുമുകളിലിരിക്കുന്ന ശാസ്താവിന്റെ എല്‍ഇഡി ബള്‍ബുകള്‍ മിന്നുന്ന കുടകളുമായി പാറമേക്കാവെത്തിയപ്പോള്‍ പുലിപ്പുറത്തേറിയ അയ്യപ്പനെയിറക്കി തിരുവമ്ബാടി തിരിച്ചടിച്ചു. പിന്നീട് തിരുപ്പതി ബാലാജിയും അരയന്നവും തൃശൂലവും വന്നുപോയി. ഇരുവിഭാഗവും വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവര്‍പ്പിച്ച്‌ പട്ടാളക്കാരുടെ ചിത്രം ആലേഖനം ചെയ്ത കുടകളുയര്‍ത്തി. കഴിഞ്ഞ തവണപോലെ തന്നെ എല്‍ഇഡി കുടകള്‍ തന്നെയായിരുന്നു ഇത്തവണയും കാണികള്‍ക്ക് ആവേശമായത്.

തിരുവമ്ബാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥന് മുന്നിലെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന്റെ ചടങ്ങുകള്‍ സമാപിക്കും.

Vadasheri Footer