തൃശൂർ ഡി.സി.സി അഴിമതിക്കാരുടെ ചട്ടുകമായി മാറിയെന്ന് സസ്‌പെൻഷനിലായവർ
ഗുരുവായൂർ: അഴിമതിക്കെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി സസ്പെൻഡ് ചെയ്ത കോൺഗ്രസ് നേതാക്കൾ. സസ്പെൻഷൻ കൊണ്ട് അഴിമതിക്കെതിരായ സമരം അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ മണ്ഡലം പ്രസിഡൻറുമാരായ എം.വി.ലോറൻസ്, പി.കെ.മോഹനൻ, പൂക്കോട്, ബ്ലോക്ക് കോൺഗ്രസ്സ് നിർവാഹക അംഗം സി. അബ്ദുൾ മനാഫ്, മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.വി. ജോയ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. അഴിമതി നടത്തിയവരെ സംരക്ഷിച്ച് അഴിമതി ചൂണ്ടിക്കാട്ടിയവർക്കെതിരെ നടപടിയെടുക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. അർബൻ ബാങ്ക് നിയമന അഴിമതിയുടെ ഓഹരി ജില്ലാ നേതൃത്വത്തിനും ലഭിച്ചിട്ടുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ബാങ്കിലെ നിയമന അഴിമതിയെക്കുറിച്ച് പൂക്കോട് മണ്ഡലം പ്രസിഡൻറായിരുന്ന എം.വി.ലോറൻസ് പരാതി നൽകിയപ്പേൾ ജില്ലാ നേതൃത്വം അവഗണിക്കുകയാണ് ചെയ്തത്. 35 വർഷങ്ങളായി റൂറൽ ബാങ്കിലും അർബൻ ബാങ്കിലും നടന്നുകൊണ്ടിരിക്കുന്ന അഴിമതി പുറത്തു കൊണ്ടുവന്നത് സഹകരണ സംരക്ഷണ സമിതിയാണെന്നും പ്രസ്താവനയിൽ അവകാശപ്പെട്ടു. ജില്ലാ നേതൃത്വം അഴിമതിക്കാരുടെ കയ്യിലെ ചട്ടുകമായി മാറിയെന്നും സസ്പെൻഷൻ ലഭിച്ചവർ ആരോപിച്ചു. അർബൻ ബാങ്ക് നിയമനത്തിൽ അഴിമതി ആരോപിച്ച് കിഴക്കെ നടയിൽ ഉപവാസം സംഘടിപ്പിച്ചതിനെ തുടർന്നാണ് നാല് പേരെ ഡി.സി.സി സസ്പെൻഡ് ചെയ്തത്. രണ്ട് നഗരസഭ കൗൺസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.