ധനമന്ത്രി തോമസ് ഐസകിനും കൊവിഡ് , സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും. മന്ത്രിയെ പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന്‍ (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്‍ദനന്‍ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന്‍ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.