തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മഹാദേശ പൊങ്കാല
ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി. . ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാടത്തിന് മുമ്പില്‍ ഭഗവതിയ്ക്ക് തിരുമുമ്പില്‍ പ്രത്യേകം അലങ്കരിച്ച വേദിയില്‍ തയ്യാറാക്കിയ പണ്ഡാര അടുപ്പില്‍, ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്ക് സാരഥ്യം നല്‍കിവന്നിരുന്ന, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി കക്കാട് ദേവദാസ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊങ്കാല നിവേദ്യത്തിന് അഗ്‌നി പകര്‍ന്നു. ഭഗവതി മേല്‍ശാന്തി കണ്ടീരകത്ത് ഭാസ്‌കരന്‍ നമ്പൂതിരി ചടങ്ങില്‍ സഹകാര്‍മ്മികനായി.
തുടർന്ന് ഓരോ അടുപ്പിലേയും, കലത്തില്‍ തീര്‍ത്ഥജലം തെളിച്ച് ശുദ്ധമാക്കി പൂക്കള്‍ അര്‍പ്പിച്ച് പ്രസാദ നിവേദ്യമാക്കി കോട്ടപ്പടി സന്തോഷ് മാരാര്‍, രാജേഷ് മാരാര്‍ എന്നിവരുടെ ശംഖ്‌നാദവും, ഗുരുവായൂര്‍ മുരളിയും സംഘത്തിന്റെ നാദസ്വരവും, നാരായണീയ പാരായണ സമിതിയുടെ നാമജപ ആലാപനവും ചടങ്ങിന് അകമ്പടിയൊരുക്കി. പണ്ഡാര അടുപ്പിന് മുമ്പില്‍ നിറപറ സമര്‍പ്പണവും നടന്നു.
ഭക്തിനിര്‍ഭരമായ മഹാദേശപൊങ്കാല മഹോത്സവത്തിന് ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരന്‍ മണ്ണൂര്‍ ചന്ദ്രന്‍ ചങ്കത്ത്, ബാലന്‍ വാറണാട്ട്, സേതു തിരുവെങ്കിടം, ജോതിദാസ് ഗുരുവായൂര്‍, ശിവന്‍ കണിച്ചാടത്ത്, ബിന്ദു നാരായണന്‍, ഹരി പെരുവഴിക്കാട്ട്, രാജു കൂടത്തിങ്കല്‍, പി. ഹരിനാരായണന്‍, പി. രാഘവന്‍ നായര്‍, വിജയകുമാര്‍ അകമ്പടി, പ്രേമ വിശ്വനാഥന്‍, പി. വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. സന്ധ്യയ്ക്ക് ലക്ഷദീപം തെളിയിക്കല്‍, ചുറ്റുവിളക്ക്, നിറമാല, കുരുന്നുകളുടെ അരങ്ങേറ്റ മേളം, വിശേഷാല്‍ പാന, എഴുന്നെള്ളിപ്പ് എന്നിവയുമുണ്ടായി