Madhavam header
Above Pot

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം മെയ് 3-ന് കൊടിയേറും

ഗുരുവായൂര്‍ : ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം, മെയ് 3-ന് മേടമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ രാത്രി എട്ടുമണിയ്ക്ക് കൊടികയറ്റത്തോടെ ആരംഭിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവനാളുകളില്‍ ഭഗവാന് പ്രത്യേക പൂജകളും, അലങ്കാരങ്ങളും, കൂടാതെ ശ്രീഭൂതബലി, രണ്ടുനേരവും ശീവേലി, ദീപാരാധന, രാത്രി വടക്കേനടയ്ക്കല്‍ എഴുന്നെള്ളിച്ചുവെയ്ക്കല്‍, തായമ്പക, വിളക്കെഴുന്നെള്ളിപ്പ് എന്നിവയും ഉണ്ടായിരിയ്ക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ മെയ് 1-ന് ആരംഭിച്ച് 8-ാം തിയ്യതി സമാപിയ്ക്കും. മെയ് 6-ന് ഉത്സവബലി, 7-ന് പള്ളിവേട്ടയും, മെയ് 8-ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവ ചടങ്ങുകള്‍ക്ക് സമാപനമാകും .താന്ത്രിക ചടങ്ങുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കി നടത്തുന്ന കലശ-ഉത്സവാദി കാര്യങ്ങള്‍ക്ക്, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. ഉത്സവാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, തിരുവെങ്കിടത്തമ്മയ്ക്ക് ദ്രവ്യകലശം, തിരുവെങ്കിടാചലപതിയ്ക്ക് ബ്രഹ്മകലശം എന്നിവയുമുണ്ടായിരിയ്ക്കും. ഉത്സവാഘോഷ നാളുകളില്‍ ഭഗവാന്റെ തിടമ്പ്, വടക്കേ നടയ്ക്കല്‍ എഴുന്നെള്ളിച്ചുവെയ്ക്കും. ഉത്സവത്തോടനുബന്ധിച്ച് ആധ്യാത്മിക കലാ-സാംസ്‌ക്കാരിക പരിപാടികളും ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും. താന്ത്രിക ചടങ്ങുകളില്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഉത്സവബലി ഉള്‍പ്പടേയുള്ള ദര്‍ശന സൗകര്യത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും, മെയ് 2-മുതല്‍ ഉത്സവാവസാനം വരെ ഭക്തര്‍ക്ക് രാത്രിനേരം അന്നദാനവും ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തിരുവെങ്കിടാചലപതി ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ ചങ്കത്ത്, ജോ: സെക്രട്ടറി ബാലന്‍ വാറണാട്ട്, ഭരണസമിതി അംഗങ്ങളായ ശിവന്‍ കണിച്ചാടത്ത്, പി. ഹരിനാരായണന്‍, ബിന്ദു നാരായണന്‍, ക്ഷേത്രം മാനേജര്‍ രാഘവന്‍ പെരുമ്പിള്ളി എന്നിവര്‍ പങ്കെടുത്തു

Vadasheri Footer