
കോൺഗ്രസുകാരനെ തഴഞ്ഞ് തഹസിൽദാർ ആക്കിയത് ഇടത് യൂണിയനിൽ പെട്ട ആളെ, കോൺഗ്രസിൽ പൊട്ടിത്തെറി

ചാവക്കാട് : ചാവക്കാട് തഹസിൽ ദാറായി ഇടതു പക്ഷ യൂണിയനിൽ പെട്ട ആളെ നിയമിച്ചതിൽ കോൺഗ്രസിൽ പൊട്ടിത്തെറി . ഇന്നലെ രാത്രിയാണ് സംസ്ഥാനത്തെ മുഴുവൻ തഹസിൽ ദാർ മാരെ സർക്കാർ സ്ഥലം മാറ്റിയത് . എൻ ജി ഒ അസോസിയേഷനും , കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും കോൺഗ്രസ് ജില്ലാ നേതൃത്വം വഴി നൽകിയത് പാലയൂർ സ്വദേശിയയായ കെ റ്റി ബാബുവിന്റെ പേരാണ് .
എന്നാൽ അസോസിയേഷനെയും പാർട്ടി നേതാക്കളെയും ഞെട്ടിച്ചു കൊണ്ട് സർക്കാർ നിയമിച്ചത് ഇടത് യൂണിയനിൽ പെട്ട ടി കെ. ഷാജിയെയാണ് . മുൻ ചാവക്കാട് തഹസിൽ ദാർ ആയിരുന്ന ഷാജി ഇപ്പോൾ ഡെപ്യൂട്ടേഷനിൽ ഗുരുവായൂർ ദേവസ്വം തഹസിൽ ദാർ ആയി ജോലി ചെയ്ത് വരികയാണ് . ടി എൻ പ്രതാപൻ ഇടപെട്ടാണ് ഇടത് യൂണിയനിൽ പെട്ട ആളെ ചാവക്കാട് നിയമിച്ചതെന്ന് കോൺഗ്രസ് അനുകൂല യൂണിയനും പ്രാദേശിക കോൺഗ്രസ് നേതാക്കളും ആരോപിച്ചു .
കഴിഞ്ഞ 10 വർഷത്തെ ഇടത് പക്ഷ ഭരണത്തിന്റെ പീഡനം ഏറ്റുവാങ്ങി കാസർഗോഡ് വരെ ജോലി ചെയ്യാൻ നിര്‍ബന്ധിതനായ ബാബുവിനെ കുന്നംകുളത്ത് തഹസിൽദാർ ആയാണ് നിയമിച്ചിട്ടുള്ളത് . അടുത്ത മെയ് മാസത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ബാബുവിന് സ്വന്തം നാട്ടിലെ തഹസിൽദാർ ആയി വിടവാങ്ങാനുള്ള അവസരവും ഇതോടെ നഷ്ടപ്പെട്ടു.
സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യ പ്പെട്ട് യു ഡി എഫ് ഭരിക്കുന്ന നാല് പഞ്ചായത്തിലെ പ്രസിഡന്റ്മാർ റവന്യു മന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട് . പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പി കെ റസല,ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി എം താഹിർ , വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ,പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഹസ്സൻ എന്നിവരാണ് റവന്യു മന്ത്രി എ പി അനില്‍കുമാറിന് പരാതി അയച്ചത് .

ഇതിനു പുറമെ യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയും , കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മറ്റിയും മന്ത്രി എ പി അനിൽ കുമാറിന് പരാതി നൽകിയിട്ടുണ്ട് . കോൺഗ്രസ് കാരനായ ബാബുവിനെ ഒഴിവാക്കി ഇടത് യൂണിയനിൽ പെട്ട ഷാജി നിയമിച്ചതിൽ കോൺഗ്രസ് അനുഭാവ ഗ്രൂപ്പുകളിൽ എല്ലാം ടി എൻ പ്രതാപന് എതിരെയുള്ള പ്രതിഷേധമാണ് അരങ്ങു തകർക്കുന്നത് .
