ചാവക്കാട് നഗരസഭ വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം മുതുവട്ടൂർ കോടതി കോമ്പൗണ്ടിൽ നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ദിനം പ്രതി കോടതിയിൽ എത്തുന്ന നൂറുകണക്കിനാളുകൾക്ക് വളരെയധികം ആശ്വാസപ്രദമാകുന്നതാണ് പുതിയ ടോയ്ലറ്റ് കെട്ടിടം.
ടേക്ക് എ ബ്രേക്ക് നടപ്പിലാക്കുന്നതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് രണ്ട് പദ്ധതികളാണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്.ചാവക്കാട് ബസ് സ്റ്റാൻഡിൽ പണി പുരോഗമിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.6,50,000/- രൂപയാണ് മുതുവട്ടൂരിലെ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
ചാവക്കാട് സബ് ജഡ്ജ് ബൈജു റ്റി. ഡി,നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം,അബ്ദുൾ റഷീദ് പി. എസ്, ബുഷറ ലത്തീഫ്,അഡ്വ. മുഹമ്മദ് അൻവർ എ. വി,പ്രസന്ന രണദിവെ,കൗൺസിലർ കെ. വി. സത്താർ എന്നിവർ സംസാരിച്ചു .ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ് സ്വാഗതവും . നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി യും പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയർ ജെസ്സി ടി. ജെ റിപ്പോർട്ട് അവതരിപ്പിച്ചു.