Header

ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് ടി പത്മനാഭൻ , ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?

തിരുവനന്തപുരം: കവിത മോഷണ വിവാദത്തിൽ നിന്നും പതുക്കെ പുറത്ത് വരുന്നതിനിടയിൽ ദീപാ നിശാന്തിനെതിരെ ആഞ്ഞടിച്ച്‌ സാഹിത്യകാരന്‍ ടി. പത്മനാഭന്‍ രംഗത്ത് . ‘കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നി. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ’യെന്ന് ടി.പത്മനാഭന്‍ ചോദിച്ചത് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറി . ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയില്‍ വച്ചാണ് ടി.പത്മനാഭന്‍ ദീപ നിശാന്തിനെതിരെആഞ്ഞടിച്ചത് . കവിതാ മോഷണം സംബന്ധിച്ച്‌ സമൂഹ മാധ്യമത്തിലടക്കം വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. സാഹിത്യ ലോകത്തെ പലരും സംഭവത്തില്‍ ദീപയ്‌ക്കെതിരെ സമൂഹ മാധ്യമത്തിലടക്കം നീരസവും പ്രകടിപ്പിച്ചിരുന്നു. അദ്ധ്യാപക സംഘടന പുറത്തിറക്കിയ മാസികയിലാണ് ദീപാ നിശാന്തിന്റെ പേരില്‍ കലേഷിന്റെ കവിത പ്രസിദ്ധീകരിച്ചത്.

Astrologer

നേരത്തെ, ഈ വിഷയത്തില്‍ ദീപ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച്‌ സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ തനിക്ക് കവിത തന്നത് പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്‍ ആണെന്നും ദീപ പറയുകയുണ്ടായി. എന്നാല്‍, കവിതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ പ്രതികരിച്ച്‌ സാമൂഹ്യനിരീക്ഷകന്‍ എം.ജെ ശ്രീചിത്രന്‍ രംഗത്തെത്തിയിരുന്നു.

കലേഷിന്റെ കവിത ദീപാ നിശാന്തിന് നല്‍കേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രന്‍ പറഞ്ഞിരുന്നു. ‘ദീപ നിശാന്ത് ഒരു മലയാളം അദ്ധ്യാപികയാണ്. അവര്‍ക്ക് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളും ഇതിന്റെ തുടര്‍ച്ചയാണെന്ന് കരുതുന്നു.

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെ’ന്നുമാണ് ശ്രീചിത്രന്‍ അന്ന് വ്യക്തമാക്കിയത്. അതേസമയം, ദീപാ നിശാന്ത് അയച്ചത് പ്രകാരമാണ് തങ്ങളുടെ ജേര്‍ണലില്‍ കവിത പ്രസിദ്ധീകരിച്ചതെന്ന് അദ്ധ്യാപക സംഘടനയുടെ പ്രതിനിധികള്‍ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിരുന്നു.