Header 1 vadesheri (working)

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു

Above Post Pazhidam (working)

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

First Paragraph Rugmini Regency (working)

തമിഴ് നാട് കേഡറിലെ 1955 ബാച്ച് ഐ എ എസ് ഓഫീസർ ആയിരുന്നു ടി എൻ ശേഷൻ. 1989ൽ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു. 1996ൽ മാഗ്സെസെ അവാർഡിന് അർഹനായി.തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു (1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ). തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു.

പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷൻ ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്നും പ്രാഥമിക വിദ്യാഭ്യാ‍സം പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളെജിൽനിന്നു ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.ക്രിസ്ത്യൻ കോളെജിൽ തന്നെ അദ്ധ്യാപകനായി ചേർന്ന ശേഷൻ മൂന്നു വർഷം പഠിപ്പിച്ചതിനുശേഷം 1953 ഇൽ പോലീസ് സർവീസ് പരീക്ഷ എഴുതി പാസായി. 1954 ഇൽ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസ് പരീക്ഷയും പാസായി. 1955 ഇൽ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേർന്നു.

Second Paragraph  Amabdi Hadicrafts (working)

ദിണ്ഡിഗലിലെ സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതൽക്കേതന്നെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങൾ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, മധുര ജില്ലാ കളക്ടർ തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹത്തിന് അമേരിക്കയിലെ ഹാവാർഡ് സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്കോളർഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവർഷത്തോളം അമേരിക്കയിൽ താമസിച്ചു.

അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് ഇന്ത്യാ ഗവ‍ണ്മെന്റിലെ പല ഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിച്ചു. തമിഴ്‌നാട്ടിൽ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയിൽ തിരിച്ചെത്തി.

ദില്ലിയിൽ തിരിച്ചെത്തിയ ശേഷൻ ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ അദ്ദേഹം തെഹരി അണക്കെട്ടിനും നർമദയിലെ സർദാർ സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി.

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.
1990 മുതൽ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ശേഷൻ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും അറിയപ്പെടുന്നത്. ഈ കാലയളവിൽ 40,000-ത്തോളം സ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.

തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പദവികളെ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ കൂടി നിയമിച്ചെങ്കിലും (എം.എസ്.ഗിൽ, ജി.വി.എസ്.കൃഷ്ണമൂർത്തി) സുപ്രീം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയർത്തിപ്പിടിച്ചു. എങ്കിലും കേസുകൾ നീണ്ടുപോവുകയും ഒടുവിൽ 1996 ഇൽ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണർക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം ‘ദേശീയ വോട്ടേഴ്സ് അവയർനെസ് കാമ്പെയ്ൻ’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉദ്ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചെലവുകൾക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. രാജ്യസഭയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അവർ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിർദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നു. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു.

തിരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. അദ്ദേഹം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ കൊണ്ടുവന്നു. ഇതിൻ പ്രകാരം സ്ഥാനാർത്ഥികൾക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കുവാൻ അവകാശമില്ല. തിരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു.

തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്കാരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയിൽ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾക്കു വഴിതെളിക്കുകയും ചെയ്തു.

ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സർവേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു.