ക്ഷേത്ര നടയിൽ നിന്നും വീണു കിട്ടിയ താലി മാല തിരിച്ചു നൽകിയ പാലക്കാട് സ്വദേശി സുജിത്തിന്റെ സത്യസന്ധതക്ക് 24 കാരറ്റ് തിളക്കം ,
ഗുരുവായൂര്‍: വിവാഹത്തിന് കെട്ടാനുള്ള താലി മാല നഷ്ടപ്പെട്ടതിനെ തുടർന്ന് വിവാഹം നടത്താൻ കഴിയാതെ വിവാഹ മണ്ഡപത്തിൽ നിന്ന് താഴെയിറങ്ങിയ വിവാഹ പാർട്ടിക്കാരുടെ മുന്നിലേക്ക് നഷ്ടപെട്ട മാലയുമായി പാലക്കാട് സ്വദേശി സുജിത് ദൈവ ദൂതനെപ്പോലെ കടന്ന് വന്നു . താലിമാല നഷ്ടപ്പെട്ടതറിയാതെ വിവാഹ മണ്ഡപത്തില്‍ കയറിയ വിവാഹസംഘം, വിവാഹം നടത്താന്‍ കഴിയാത്ത ദുഖഭാരത്തോടെ കതിര്‍മണ്ഡപത്തില്‍ നിന്നും തിരിച്ചിറങ്ങി പുതിയ സ്വര്‍ണ്ണതാലി വാങ്ങി മഞ്ഞചരടില്‍കോര്‍ത്ത് താലികെട്ട് നടത്താനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ്, സ്വര്‍ണ്ണമടങ്ങിയ പേഴ്‌സ് തിരികെ ലഭിച്ചത്.
പോലീസിന്റെ സാന്നിധ്യത്തില്‍ താലിമാല ഏറ്റുവാങ്ങി മംഗളകര്‍മ്മം നടത്തി വധൂവരന്മാരും, കുടുംബാംഗങ്ങളും കണ്ണനോടും, ഒപ്പം മാല തിരിച്ചുനല്‍കിയ യുവാവിനോടും നന്ദിപറഞ്ഞു. കാസര്‍കോട് വള്ളിയാലുങ്കല്‍ വീട്ടില്‍ കുഞ്ഞിരാമൻ പ്രസന്ന ദമ്പതികളുടെ മകന്‍ ശ്രീനാഥും, പത്തനംതിട്ട കോന്നി മങ്ങാരം കുറാട്ടിയില്‍ വീട്ടില്‍ ശ്രീകുമാറിന്റെയും – താമരയൂർ കോമത്ത് ലതയുടെയും മകള്‍ ഡോ : ശ്രുതിയും തമ്മിലുള്ള വിവാഹമായിരുന്നു . 10-മണിയോടെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വഴി വിവാഹസംഘം മണ്ഡപത്തില്‍ കയറിയപ്പോഴാണ് താലിമാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മാല നഷ്ടപ്പെട്ടതോടെ മോഷണം നടന്നതാണെന്ന ധാരണയിൽ പോലീസിൽ പരാതി നൽകി. ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ അറുമുഖനും, സംഘവും ക്ഷേത്രത്തിനകത്തും, പുറത്തും, പരിസരത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കളഞ്ഞുകിട്ടിയ മാലയുമായി പാലക്കാട് കമ്പ സ്വദേശി കാരക്കാട് വീട്ടിൽ സുജിത് 42 ടെംപിൾ എ എസ് ഐ കൃഷ്ണ കുമാറിനെ സമീപിക്കുന്നത് .
സുജിത്തുമായി പോലീസ് കണ്ട്രോൾ റൂമിൽ എത്തിയ കൃഷ്ണകുമാർ ഉടമകളെ വിളിച്ചു വരുത്തി . നഷ്ടപ്പെട്ട മാല ഇത് തന്നെയാണെന്ന് ഉറപ്പു വരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ സുജിത് തന്നെ വരന്റെ മാതാവിനെ മാല ഏൽപിച്ചു. ഒരു ചായ പോലും വാങ്ങി കുടിക്കാൻ നിൽക്കാതെ വീടുകളുടെ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന സുജിത് നിറഞ്ഞ മനസോടെ നാട്ടിലേക്ക് മടങ്ങി . വരന്‍ ശ്രീനാഥിന്റെ അമ്മ പ്രസന്നയുടെ ബാഗില്‍ നിന്നുമാണ് താലിമാല അടങ്ങുന്ന പേഴ്‌സ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തുവെച്ച് നഷ്ടപ്പെട്ടത് . വിവാഹ ശേഷം പകരം വാങ്ങിയ താലി ഭണ്ഡാരത്തിൽ നിക്ഷേപിച്ചു വിവാഹ സംഘവും മടങ്ങി