സബ് ജില്ല സ്കൂള്‍ കലോത്സവത്തിന് ഘോഷയാത്രയോടെ തുടക്കമായി
ഗുരുവായൂര്‍: മനുഷ്യർ തമ്മിലുള്ള സൗഹ്യദമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ പ്രശസ്തമാക്കിയതെന്ന് ടി എൻ പ്രതാപൻ എം.പി .ഗുരുവായൂർ ബ്രഹ്മംകുളം സെന്റ് തെരേസാസ് കോൺവെന്റ് ഹൈസ്കൂളിൽ ചാവക്കാട് ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ നന്മകളുടെ നേർകാഴ്ചകളാണ് കലോത്സവ വേദികളെന്നും എം.പി അഭിപ്രായപ്പെട്ടു.
മുരളി പെരുനെല്ലി എം എൽ .എ അധ്യക്ഷത വഹിച്ചു. കെ.വി അബ്ദുൾ ഖാദർ എം. എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. 100 സ്കൂളുകളിൽ നിന്നായി 5000 ഓളം വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട് . സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നിവ അപ്പു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാൾ, സെൻറ് തോമസ് പള്ളി ജൂബിലി ഹാൾ എന്നിവിടങ്ങളിലും വേദികളൊരുക്കിയിട്ടുണ്ട്. ഘോഷയാത്രയോട് കൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്.
നഗരസഭ വൈസ് ചെയർപേഴ്സൺ വി.എസ് രേവതി ,വൈസ് ചെയർമാൻ കെ.പി വിനോദ് , സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എസ് ഷെനിൽ , എം. രതി , ഷൈലജ ദേവൻ , നഗരസഭ കൗൺസിലർമാരായ എ.പി ബാബു ജോയ് ചെറിയാൻ , സുരേഷ് വാര്യർ ,ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ബി അനിൽ ,ബി.പി.ഒ എം.ജി ജയ , വി.ബി ഹീര ലാൽ ,സി.ആർ വർഗീസ് ,ടി.ഇ ജെയിംസ് ,ബിജോയ് പി മാത്യു ,എന്നിവർ സംസാരിച്ചു.