സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കോഴിക്കോടിന് കിരീടം
കുന്നംകുളം : കുന്നംകുളത്ത് നടന്ന 53ാമത് സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1374 പോയിന്റുകൾ നേടി 20 ഒന്നാം റാങ്കുകളും കരസ്ഥമാക്കിയാണ് കോഴിക്കോട് ജില്ല നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ജില്ലയെ മറികടന്നത്. 1374 പോയിന്റുകൾ പാലക്കാട് ജില്ലയ്ക്കും ലഭിച്ചുവെങ്കിലും 19 ഒന്നാം റാങ്കാണ് പാലക്കാടിന് ലഭിച്ചത്. ഇതോടെ കോഴിക്കോട് കിരീടം നേടി. 1366 പോയിന്റു നേടിയ കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 16 ഒന്നാം റാങ്ക് കണ്ണൂരിന് ലഭിച്ചു.
സംസ്ഥാന തലത്തിൽ മികച്ച സ്‌കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് 141 പോയിന്റു നേടിയ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസിനാണ്. രണ്ടാമത്തെ മികച്ച സ്‌കൂളായി വയനാട് ദ്വാരക എസ് എച്ച് എച്ച് എസ് എസ് സ്‌കൂളും (132 പോയൻറ്) മൂന്നാമത്തെ മികച്ച സ്‌കൂളായി കോഴിക്കോട് മേമുണ്ട സ്‌കൂളും (118 പോയൻറ്) തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രമേള വിഭാഗത്തിൽ മികച്ച ജില്ലയായി 128 പോയന്റോടെ കണ്ണൂരും രണ്ടാം സ്ഥാനം 121 പോയന്റോടെ കോഴിക്കോടും മൂന്നാം സ്ഥാനം 114 പോയന്റോടെ കൊല്ലവും തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ മികച്ച സ്‌കൂൾ 28 പോയൻറ് നേടിയ ബി.വി.എച്ച്.എസ്.എസ് താമരക്കുളമാണ്. 24 പോയിന്റോടെ കണ്ണൂർ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്്.എസ് രണ്ടാം സ്ഥാനവും 23 പോയിന്റോടെ വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ഗണിതമേളയിൽ മികച്ച ജില്ലയായി 261 പോയിന്റ് നേിടയ കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മലപ്പുറവും (258) മൂന്നാം സ്ഥാനം കണ്ണൂരും (252) കരസ്ഥമാക്കി. ഈ വിഭാഗത്തിൽ മികച്ച സ്‌കൂൾ ടി ആർ കെ എച്ച് എസ് എസ് വാണിയംകുളം (59 പോയൻറ്) ആണ്. രണ്ടാം സ്ഥാനം പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്, കോഴിക്കോട് (59 പോയിൻറ്), മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കോന്നി, പത്തനംതിട്ട (54 പോയിൻറ് വീതം).
സാമൂഹ്യ ശാസ്ത്ര മേളയിൽ മികച്ച ജില്ലകൾ കണ്ണൂർ (135പോയിന്റ്), രണ്ടാം സ്ഥാനം പാലക്കാട് (130), മൂന്നാം സ്ഥാനം മലപ്പുറം (129) എന്നിങ്ങനെയാണ്. മികച്ച സ്‌കൂൾ ജി എച്ച് എസ് എസ് വെട്ടത്തൂർ (22 പോയിൻറ്). രണ്ടാം സ്ഥാനം എറണാകുളം മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻറ് ഗേൾസ് എച്ച്.എസ്.എസ് (21 പോയിൻറ്), മൂന്നാം സ്ഥാനം തിരുവനന്തപുരം ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്, സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട് (20 പോയിൻറ് വീതം).
പ്രവൃത്തി പരിചയമേള 762 പോയിന്റോടെ കോഴിക്കോട് ജില്ല ഒന്നാമതെത്തി. രണ്ടാം സ്ഥാനം പാലക്കാടും (759) മൂന്നാം സ്ഥാനം കണ്ണൂരും (746) ആണ്. മികച്ച സ്‌കൂൾ 116 പോയൻറ് നേടിയ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ്. 69 പോയൻറും രണ്ട് ഒന്നാം റാങ്കും നേടിയ തൃശൂർ പനങ്ങാട് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 69 പോയൻറും ഒരു ഒന്നാം റാങ്കും നേടിയ വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ഐ ടി മേളയിൽ എറണാകുളം ജില്ല 126 പോയിന്റോടെ ഒന്നാം സ്ഥാനവും പാലക്കാട് ജില്ല 126 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി. നാല് ഒന്നാം റാങ്ക് എറണാകുളത്തിനു ലഭിച്ചതാണ് ഒന്നാംസ്ഥാനത്തിന് അർഹമാക്കിയത്. മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയ്ക്ക് 118 പോയിന്റ് ലഭിച്ചു. മികച്ച സ്‌കൂൾ സെന്റ് തോമസ് എച്ച് എസ് നടവയൽ (26 പോയിൻറ്) ആണ്. രണ്ടാം സ്ഥാനം പി.കെ.എം.എം.എച്ച്.എസ്.എസ്, എടരിക്കോട്, മലപ്പുറം (25 പോയിൻറ്), മൂന്നാം സ്ഥാനം എം.ഡി.എസ്.എച്ച്.എസ്.എസ് കോട്ടയം (22 പോയിൻറ് വീതം).
സ്‌പെഷൽ സ്‌കൂൾ വിഭാഗത്തിൽ കേൾവി വൈകല്യമുള്ളരുടെ വിഭാഗത്തിൽ 16104 പോയിന്റോടെ എറണാകുളം ജില്ലയിലെ സെന്റ് ക്ലയർ ഓറൽ ഡെഫ് സ്‌കൂൾ ഒന്നാം സ്ഥാനം നേടി. 15902 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലം കെ എസ് എച്ച് എസ് രണ്ടാം സ്ഥാനവും 11984 പോയിന്റോടെ തൃശൂർ ജില്ലയിലെ ഒല്ലൂർ ആശാഭവൻ ഡെഫ് എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.
കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിൽ കോട്ടയം കാഞ്ഞിരപ്പിള്ളി അസീസി ബ്ലൈൻഡ് സ്‌കൂൾ (3261 പോയിൻറ്) ഒന്നാം സ്ഥാനം നേടി. ആലുവ ബ്ലൈൻഡ് സ്‌കൂൾ (3130), പാലക്കാട് കോട്ടപ്പുറം എച്ച് കെ സി എം എം ബ്ലൈൻഡ് സ്‌കൂൾ (3052) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനം കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ കെ സതീശൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ നിർവഹിച്ചു. എഡിപിഐ സി എ സന്തോഷ് ശാസ്‌ത്രോത്സവ രേഖ പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ ഗീത, എറണാകുളം ജില്ല ഹയർ സെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ശകുന്തള, തൃശൂർ വി എച്ച് എസ് ഇ അസി.ഡയറക്ടർ ലീന രവിദാസ്, സി സി ഷെറി, വി എം കരീം എന്നിവർ പങ്കെടുത്തു.