
പണം വാങ്ങി, സോളാർ സിസ്റ്റം സ്ഥാപിച്ചില്ല. 1.60ലക്ഷവും പലിശയും നൽകാൻ വിധി

തൃശൂർ : പണം കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ ലോനപ്പൻ കുട്ടി.എൻ.എ.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗരാ നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് 130000 രൂപയാണ് എതിർകക്ഷി കൈപ്പറ്റുകയുണ്ടായത്.45 ദിവസത്തിനുള്ളിൽ പണി തീർക്കാമെന്നാണ് ഏറ്റിരുന്നതു്. 255000 രൂപയായിരുന്നു മൊത്തം പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. ബാക്കി തുക പണി കഴിഞ്ഞ് നല്കിയാൽ മതിയെന്നും വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ വാഗ്ദാനപ്രകാരം സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നത് തെറ്റും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് എതിർകക്ഷി ഈടാക്കിയ 130000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും ഈ തുകകൾക്ക് 9% പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
