Header

വോട്ടിംഗ് യന്ത്ര൦ ഒപ്പമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാ൦ , ശിവസേന

മുംബൈ: വോട്ടിംഗ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവു൦ കൂട്ടിനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നാണ് ശിവസേനയുടെ പരിഹാസം. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനമുയര്‍ത്തിയിരിയ്ക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാന്‍ കഴിഞ്ഞില്ല? അയോധ്യയില്‍ പോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല? ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ബിജെപി നേതാക്കളില്‍ ഇത്ര ധാര്‍ഷ്ട്യമെന്തിന്?

Astrologer

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റില്‍ ഒന്ന് കൂടുതലെങ്കിലും ഇത്തവണ കിട്ടുമെന്നാണ്. എന്‍സിപി നേതാവ് ശരദ് പവാറിന്‍റെ തട്ടകമായ ബരാമതിയില്‍ പോലും വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കില്‍ പാര്‍ട്ടിക്ക് “548” സീറ്റും ജയിക്കാന്‍ കഴിയുമെന്നും മുഖപ്രസംഗം പരിഹസിക്കുന്നു!!

റാഫേല്‍ ഇടപാടിനെ പുകഴ്ത്തുന്നവരൊക്കെ ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം ദേശവിരുദ്ധരുമാണ്. 24,000 അദ്ധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയില്‍ ഒഴിഞ്ഞുകിടക്കുന്നത്. കര്‍ഷകര്‍ എല്ലായിടത്തും പ്രതിഷേധത്തിലാണ്. എന്നാല്‍ ഭരിക്കുന്നവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ മാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ശേഷം നടന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിരുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ശിവസേനയുടെ ഈ പരിഹാസം.

ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായി സഖ്യത്തിന് ബിജെപി ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ബിജെപിയേയും കേന്ദ്രത്തേയും വിമര്‍ശിച്ച്‌ പാര്‍ട്ടി മുഖപത്രം രംഗത്തെത്തിയത്. അതേസമയം, ശിവസേനയുടെ വിമര്‍ശനം ബിജെപിയെ തെല്ല് ആശങ്കയിലാക്കിയിരിയ്ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെ സന്ദര്‍ശിച്ച്‌ പിന്തുണ ഉറപ്പാക്കിയത്