പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു
ദില്ലി: പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‍ന സാഹോബ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ശത്രുഘ്നൻ സിൻഹയെ കോൺഗ്രസിലെക്ക് സ്വാഗതം ചെയ്തത്.
രണ്ട്പേരുള്ള സേനയും ഒറ്റയാൾ പ്രകടവുമാണ് ബിജെപിയിലെന്ന് ശത്രുഘ്നൻ സിൻഹ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളെ ബിജെപി ചവിട്ടിത്തേയ്ക്കുകയാണ്. ബിജെപിയുടെ സ്ഥാപക ദിനത്തിൽ തന്നെ കോൺഗ്രസിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശത്രഘ്നൻ സിൻഹ പ്രതികരിച്ചു.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ക്കുന്നു എന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ വിമര്‍ശിച്ചിരുന്നു.
പ്രസംഗവേദികളിൽ തീപ്പൊരിയായിരുന്ന മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ ബിജെപിയിലെ ‘ഷോട്ട് ഗൺ’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ട് കോൺഗ്രസിൽ ചേരാൻ താൽപ്പര്യം അറിയിച്ച ശത്രുഘൻ സിൻഹ മൂന്ന് പതിറ്റാണ്ടിന്‍റെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസിൽ എത്തിയത്