Madhavam header
Above Pot

ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ മരണപ്പെട്ടു .

ചെന്നൈ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാല്‍(72) മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവെ ശനിയാഴ്ച രാത്രി ജയിലില്‍ വച്ച്‌ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ജീവന്‍നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു

സ്റ്റാന്‍ലി ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായപ്പോള്‍ മകന്‍ ശരവണന്‍ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റാന്‍ കോടതിയുടെ അനുമതി തേടുകയും അത് അനുവദിക്കുകയും ചെയ്തു.

Astrologer

ജീവനക്കാരന്റെ മകളും മറ്റൊരു തൊഴിലാളിയുടെ ഭാര്യയുമായ യുവതിയോട് തോന്നിയ പ്രണയമാണ് രാജഗോപാലിനെ കല്‍ത്തുറുങ്കിലേക്ക് എത്തിച്ചത്.

2001 ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കാനായി രാജഗോപാല്‍ പ്രിന്‍സ് ശാന്തകുമാരനെ കൊന്നു കുഴിച്ചു മൂടി എന്നാണ് കേസ്.

എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവജ്യോതിയും ശാന്തകുമാരനും ഇത് എതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് ശാന്തകുമാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

നേരത്തെ രണ്ട് വിവാഹങ്ങള്‍ കഴിച്ചയാളാണ് രാജഗോപാല്‍. ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജീവനക്കാരന്റെ മകളെ മൂന്നാം ഭാര്യയാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 90 കളിലാണ് ഈ സംഭവം നടക്കുന്നത്. ശരവണ ഭവന്‍ ചെന്നൈ ബ്രാഞ്ച് മാനേജറുടെ മകളായ ജീവജ്യോതിയെ ആണ് രാജഗോപാല്‍ മൂന്നാം വിവാഹത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചു എന്ന് മാത്രമല്ല തന്റെ സഹോദരന്റെ കണക്ക് അധ്യാപകനായ പ്രിന്‍സ് ശാന്തകുമാരനെ വിവാഹം കഴിക്കുകയും ചെയ്തു. 1999ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം 2001ല്‍ മുതല്‍ ശാന്തകുമാര്‍ ശരവണഭവനില്‍ ജോലിചെയ്യാന്‍ തുടങ്ങി.

എന്നാല്‍ വിവാഹത്തിനു ശേഷവും രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തികൊണ്ടിരുന്നു, ഒപ്പം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇരുന്നു. ശല്ല്യം സഹിക്കാതെ ദമ്ബതിമാര്‍ 2001 ഒക്ടോബറില്‍ രാജഗോപാലിനെതിരെ പരാതി നല്‍കി.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം രാജഗോപാലിന്റെ സഹായികള്‍ ശാന്തകുമാറിനെ തട്ടികൊണ്ടുപോയി. ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ജീവജ്യോതി സിറ്റിപോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. 2001 ഒക്ടോബര്‍ 3 ന് കൊടൈക്കനാലിലെ ടൈഗര്‍ ചോള വനത്തില്‍ നിന്ന് ശാന്തകുമാറിന്റെ മൃതദേഹം ലഭിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം എന്ന് വ്യക്തമായിരുന്നു.

കോളിളക്കം സൃഷ്ടിച്ച കേസില്‍ ഒളിവില്‍ പോയ രാജഗോപാല്‍ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നവംബര്‍ 23ന് പോലീസില്‍ കീഴടങ്ങി. 2003 ജൂലൈ 15 അദ്ദേഹത്തിന് ജാമ്യവും ലഭിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ രാജഗോപാല്‍ വീണ്ടും വിവാദത്തില്‍ പെട്ടു. ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൈക്കൂലിയുമായി തേത്തുക്കുടിയിലെ ഇവരുടെ വീട്ടില്‍ രാജഗോപാല്‍ എത്തി. വഴങ്ങാതിരുന്ന ജീവജ്യോതിയെ വിരട്ടിയും അപമാനിച്ചും സമ്മര്‍ദ്ദത്തിലാക്കി. ജീവജ്യോതിയുടെ സഹോദരനെയും കുടുംബത്തെയും പോലും വെറുതെ വിട്ടില്ല. ബഹളം കേട്ടതോടെ രാജഗോപാല്‍ അകത്തുണ്ടെന്ന് മനസിലാക്കിയ അയല്‍വാസികള്‍ ജീവജ്യോതിയുടെ വീട് വളഞ്ഞു. ഇതോടെ പന്തികേട് മണത്ത രാജഗോപാലും മാനേജറും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. പക്ഷേ രാജഗോപാലിന്റെ ലീഗല്‍ മാനേജറെ ഗ്രാമത്തില്‍ നിന്ന് പിന്നീട് പിടികൂടി.

new consultancy

2009 ലാണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം നല്‍കുകയായിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ഇന്ത്യയില്‍ മാത്രം 25 ഹോട്ടലുകളുള്ള ശരവണ ഭവന് യു.എസ്, യു.കെ, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ഹോട്ടലുകളുണ്ട്.

buy and sell new

Vadasheri Footer