തൃശൂര്‍ ശക്തന്‍ ആകാശപാതയ്ക്ക് തറക്കല്ലിട്ടു
തൃശൂര്‍ : അമൃത് പദ്ധതിയുടെ ഭാഗമായി തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശക്തന്‍ നഗറില്‍ നിര്‍മ്മിക്കുന്ന ആകാശപാതയുടെ നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. പദ്ധതി നിര്‍മ്മാണത്തിനുളള കരാര്‍രേഖയും മന്ത്രി കൈമാറി. ശക്തന്‍ നഗറില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. അഞ്ചരകോടി രൂപ ചെലവിലാണ് ആകാശപാത നിര്‍മ്മിക്കുക. ഓള്‍ഡ് പട്ടാളം-ശക്തന്‍ തമ്പുരാന്‍ നഗര്‍ റോഡ്, വെസ്റ്റ്റിങ് റോഡ്, ശക്തന്‍ തമ്പുരാന്‍ നഗര്‍ റോഡ്, ശക്തന്‍ തമ്പുരാന്‍ ഹൈറോഡ് കണക്ഷന്‍ റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് മാതൃഭൂമി റൗണ്ടിന് ചുറ്റുമായി ആകാശപാത നിര്‍മ്മിക്കുന്നത്.
വൃത്താകൃതിയില്‍ റോഡ് നിരപ്പില്‍ നിന്നും 6 മീറ്റര്‍ ഉയരത്തില്‍ 279 മീറ്റര്‍ ചുറ്റളവിലാണ് പാത വിഭാവനം ചെയ്തിട്ടുളളത്. 3 മീറ്റര്‍ വീതിയുളള പാതയ്ക്ക് നാല് വശങ്ങളില്‍ നിന്നായി 8 കവാടങ്ങള്‍ കാണും. പടവുകള്‍ക്ക് 2 മീറ്റര്‍ വീതമാണ് വീതി. 60 സെന്‍റിമീറ്റര്‍ വ്യാസമുളള 16 കോണ്‍ക്രീറ്റ് തുണുകളിലാണ് പാത ഉയരുക. 8 മാസത്തിനുളളില്‍ പണി തീര്‍ക്കുമെന്ന് കരാറുകാരനായ മുഹമ്മദ് ബുഖാരി ഉറപ്പ് നല്‍കി. അര്‍ബന്‍ പ്ലാനര്‍ പി ജെ റഹ്മത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ അംഗങ്ങളായ പി സുകുമാരന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി, എം എസ് സമ്പൂര്‍ണ്ണ, മുന്‍മേയര്‍ അജിത ജയരാജന്‍, കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, അനൂപ് ഡേവീസ് കാട, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ റാഫി പി ജോസ് സ്വാഗതവും അസി. എഞ്ചിനീയര്‍ ഡിറ്റോദാസ് നന്ദിയും പറഞ്ഞു.