ശക്തൻ ആകാശനടപ്പാത 2020 മാർച്ചിൽ പൂർത്തിയാകും
തൃശൂര്‍ : ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്തെ ആദ്യത്തെ ആകാശപ്പാത ശക്തനിൽ ഉയരുന്നു. പദ്ധതി 2020 മാർച്ചിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രദേശത്തെ അപകടങ്ങളും ഗതാഗത കുരുക്കും ഇതോടെ ഒഴിവാകും. ശക്തൻ സ്റ്റാൻഡിനു സമീപം 5.30 കോടി രൂപ ചിലവിൽ വൃത്താകൃതിയിലാണ് കൂറ്റൻ ആകാശപ്പാലം ഉയരുക. ഈ പാലം ശക്തൻ നഗറിനു ചുറ്റുമുളള നാല് കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഇക്കണ്ട വാരിയർ റോഡ്, എം ഒ റോഡ്, ശക്തൻ നഗർ, കൊക്കാലെ എന്നീ റോഡുകൾ സംഗമിക്കുന്ന സ്ഥലത്താണ് പാലം.
ഏട്ട് ഭാഗങ്ങളിലേക്ക് ഇറങ്ങാനും കയറാനും ചവിട്ടുപടികളുണ്ടാകും. 16 ഇടങ്ങളിൽ പൈലിങ്ങ് പൂർത്തിയായി.ഇതിനു തുടർച്ചയായുളള നിർമ്മാണ പ്രവർത്തികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. മൊത്തം ചിലവിൽ 50 ശതമാനം കേന്ദ്രസർക്കാർ വഹിക്കും സംസ്ഥാന സർക്കാർ 30 ശതമാനവും ബാക്കി 20 ശതമാനം കോർപ്പറേഷനും നൽകും. 279 മീറ്റർ ചുറ്റളളവുളള പാലത്തിന് നാല് എൻട്രികളും നാല് എക്‌സിറ്റുകളും ഉണ്ടായിരിക്കും. റോഡ് ലെവലിൽ നിന്നും 6 മീറ്റർ പൊക്കത്തിൽ 3 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.
ഉരുക്ക് കൊണ്ട് നിർമ്മിക്കുന്ന പാലത്തിന് 16 പില്ലറുകളാണുളളത്. 40 ചവിട്ടുപടികൾ ഉണ്ട്. മുകളിൽ കയറിയാൽ ശക്തൻ സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഇറങ്ങാം. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ടായിരിക്കും. കേന്ദ്രസർക്കാരിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്‌കോയാണ് മാതൃക തയ്യാറാക്കിയിരിക്കുന്നത്. ശക്തൻ സ്റ്റാൻഡിൽ റോഡ് കുറുകെ കടക്കുന്നതിനിടെ നിരവധി അപകടങ്ങൾ പതിവാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്കും പദ്ധതി പൂർത്തിയാക്കുന്നതോടെ ഇല്ലാതാകും.
പദ്ധതി പൂർത്തിയാക്കുന്നതിന് കേന്ദ്ര സർക്കാർ തൃശൂർ കോർപ്പറേഷന് അമൃത് പദ്ധതിയിലുൾപ്പെടുത്തി 270 കോടി രൂപ അനുവദിച്ചു. നഗരറോഡ് വികസനത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. ആകാശപാലത്തിനു പുറമേ വടക്കേ സ്റ്റാൻഡിൽ ഓവർ ബ്രിഡ്ജ്, നിലവിലുളള ഫുട്പാത്തുകളുടെ നവീകരണം, പാട്ടുരായ്ക്കലിലെ സംസ്ഥാന പാതകളുടെ വശങ്ങളിൽ പുതിയ ഫുട്പാത്ത്, നായരങ്ങാടിയെ ബന്ധിപ്പിക്കുന്ന എം ഒ റോഡിലെ സബ്‌വേ എന്നിവയും അമൃതം പദ്ധതിയുടെ കീഴിലുളള നിർമ്മാണപ്രവൃത്തികളാണ്.