ഗുരുവായൂർ സ്വദേശിനി ഇന്ത്യബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചു.
ഗുരുവായൂർ : ദേശീയ പ്രതിജ്ഞ തിരിച്ചെഴുതി ഇന്ത്യബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഗുരുവായൂർ കോട്ടപ്പടി സ്വദേശിനി ഷബന. തിരിച്ചെഴുത്തിൽ മികവ് തെളിയിച്ച് കൂടുതൽ റെക്കോഡുകൾ കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. മൂന്ന് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് കോട്ടപ്പടി കൊമ്പത്തേയ്യിൽ നൗഫലിന്റെ ഭാര്യ ഷബന റെക്കോഡിന്റെ നെറുകയിലെത്തിയത്.
രണ്ട് മിനിട്ടും 45 സെക്കന്റുമെടുത്താണ് ദേശീയ പ്രതിജ്ഞ തിരിച്ചെഴുതിയത്. രണ്ട് മിനിറ്റും 47 സെക്കന്റമെന്ന പാലക്കാട് സ്വദേശിനി കൃഷ്ണയുടെ റെക്കോഡാണ് ഷബന മറികടന്നത്. സ്വന്തം റെക്കോഡിലും വേഗതയിൽ ഇവരിപ്പോൾ തിരിച്ചെഴുതുന്നുണ്ട്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു എന്നീ ഭാഷകളിലും ഇവർ നിഷ്പ്രയാസമാണ് തിരിച്ചെഴുതുന്നത്. ഒരേ സമയം രണ്ട് കൈകൾകൊണ്ട് തിരിച്ചെഴുതിയും ഇവർ കഴിവ് തെളിയിച്ചിട്ടുണ്ട്.
രണ്ട് കൈകൾകൊണ്ടും വ്യത്യസ്ഥ ഭാഷകളെഴുതിയും ഇവർ കാണികളെ അമ്പരപ്പിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ ഇവർ തലചിരിച്ചെഴുതാറുണ്ടെങ്കിലും ചാനൽ പരിപാടിയിലെ മത്സരാർത്ഥിയുടെ കഴിവാണ് ഇവർക്ക് പ്രചോദനമായത്. ഭർത്താവിന്റേയും വീട്ടുകാരുടെയും പിന്തുണ കൂടി ലഭിച്ചതോടെയാണ് റെക്കോഡ് നേടാനായെതന്ന് ഇവർ പറഞ്ഞു. നൂറിലധികം പേജുള്ള പ്രസിദ്ധീകരണം തിരിച്ചെഴുതി ഗിന്നസ് റെക്കോഡ് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.