ചീഫ് ജസ്റ്റിസിനെ പീഡനക്കേസിൽ കുടുക്കാൻ ഒന്നര കോടി വാഗ്ദാനം : അഡ്വ ഉത്സവ് ബെയ്ൻസ്

">

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണക്കേസിൽ നിർണായക വഴിത്തിരിവ്. രഞ്ജൻ ഗൊഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചെന്ന് ആൾദൈവം ആസാറാം ബാപ്പുവിനെതിരായ പീഡനക്കേസിൽ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസ് അവകാശപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തിൽ കുടുക്കുന്നതിന് 1.5 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു ദിവസങ്ങൾക്കു മുൻപു ചിലർ സമീപിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.

ചീഫ് ജസ്റ്റിസിന്റെ രാജിക്കുവേണ്ടി വൻ ഗൂഢാലോചന നടത്തിയതായി സംശയം ഉയർന്നതിനാല്‍ അവരുടെ വാഗ്ദാനം നിരസിച്ചതായും ഉത്സവ് ബെയ്ൻസ് വ്യക്തമാക്കി. അതേസമയം തന്നെ സമീപിച്ച ആളിന്റെ പേരുവിവരങ്ങൾ പുറത്തുവിടാൻ ബെയ്ൻസ് വിസമ്മതിച്ചു. ശനിയാഴ്ച വൈകിട്ടോടെ സമൂഹമാധ്യമത്തിലാണ് ബെയ്ൻസ് അവകാശവാദവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചപ്പോൾ സ്ത്രീയുടെ ബന്ധുവാണെന്നായി വാഗ്ദാനം നൽ‌കിയ ആളുടെ അവകാശവാദം. എന്നാൽ ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉയർത്തിയ സ്ത്രീയുമായി എന്ത് ബന്ധമാണ് ഉള്ളതെന്നു വ്യക്തമാക്കാനും ഇയാള്‍ക്കു സാധിച്ചില്ലെന്നും ബെയ്ൻസ് പറഞ്ഞു. പിന്നീട് വക്കീൽ ഫീസായി 50 ലക്ഷം രൂപ തരാമെന്നു പറഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനം സംഘടിപ്പിക്കുന്നതിനും സഹായം തേടിയിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിനെതിരെ കേസ് ഫയൽ ചെയ്യാൻ‌ തയാറാകാതിരുന്നതോടെ വാഗ്ദാനം 1.5 കോടിയിലെത്തിയതായും ബെയ്ൻസ് അവകാശപ്പെട്ടു.

വിവരം നേരിട്ടുകണ്ടു പറയുന്നതിനായി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പോയിരുന്നു. എന്നാൽ അദ്ദേഹം അവിടെയില്ലെന്ന വിവരമാണു ലഭിച്ചത്. ഫോൺ ലൊക്കേഷൻ പരിശോധിച്ചാൽ ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ പോയിട്ടുണ്ടോയെന്നു വ്യക്തമാകുമെന്നും ബെയ്ൻസ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. പീ‍ഡനാരോപണം തള്ളി രഞ്ജൻ‌ ഗൊഗോയ് തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. നീക്കം ദുരുദ്ദേശ്യപരമാണെന്നും രാജി വയ്ക്കില്ലെന്നുമാണ് ഗൊഗോയിയുടെ നിലപാട്.

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായിരുന്ന പരാതിക്കാരി 22 ജഡ്ജിമാർക്കാണ് ചീഫ് ജസ്റ്റിസിനെതിരെ പരാതി അയച്ചത്. ഒക്ടോബർ 11നു ചീഫ് ജസ്റ്റിസ് ഒൗദ്യോഗിക വസതിയിൽവച്ച് തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു പരാതി. 3 മാസത്തിനുശേഷം ജോലിയിൽനിന്നു പുറത്താക്കി, ഭർത്താവ്, ഭർതൃസഹോദരൻ, സഹോദരൻ എന്നിവരെ സസ്പെൻഡ് ചെയ്തു. കെട്ടിച്ചമച്ച കൈക്കൂലിക്കേസിലൂടെ തന്നെയും കുടുംബത്തെയും തുടർന്നും വേട്ടയാടിയെന്നും ചീഫ് ജസ്റ്റിസിനെതിരെ പരാതിയിൽ ഇവർ ഉന്നയിച്ചു. അതേസമയം വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്കു മുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors