മുഖ്യമന്ത്രി സത്യസന്ധത തെളിയിച്ചാൽ ക്യാപ്റ്റനോ ദൈവമോ ആവാം , ഇല്ലെങ്കിൽ രാജി വെക്കണം
തിരുവനന്തപുരം: ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക സഭ നടത്തിയതിന് പിന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സത്യസന്ധത തെളിയിച്ചാൽ ക്യാപ്റ്റനോ ദൈവമോ ആവാം, ഇല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം സർക്കാർ നിരന്തരം തടസ്സപ്പെടുത്തിയത് ഇത്തരം രഹസ്യങ്ങൾ ഉള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി കണക്കിൽ എടുത്തല്ലേ ഉമ്മൻ ചാണ്ടിക്കു എതിരെ കേസ് എടുത്ത് അപമാനിച്ചത്. കാലചക്രം തിരിഞ്ഞു വന്നു. മുഖ്യമന്ത്രി കേസിൽ പ്രതിയാകണം. മുഖ്യമന്ത്രിക്ക് ഡോളർക്കടത്തിൽ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി വിശ്വസനീയമാണ്. മുഖ്യമന്ത്രിക്ക് ഭയമാണെന്നും വി ഡി സതീശൻ ആരോപിച്ചു.
സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുവെന്ന് പി ടി തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സത്യസന്ധത തെളിയിക്കാനുള്ള അവസരമാണ് ഇതെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു നിമിഷം പോലും കസേരയിൽ ഇരിക്കാതെ മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഡോളര്‍ മുഖ്യന്‍’ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറത്തും ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍ പി ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതീകാത്മക സഭ നടത്തിയത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അനുമതി നല്‍കില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചത്.
കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.
എന്നാല്‍ ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നൽകിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു