പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിറുത്തിവെച്ചു
ന്യൂഡൽഹി : പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് പാക് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണിത്.
ലാഹോറില്‍നിന്ന് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംഝോത ട്രെയിന്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. 16 യാത്രക്കാരുമായി വ്യാഴാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍നിന്ന് അട്ടാരി വഴി ലാഹോറിലേക്ക് പുറപ്പെടുന്ന സംഝോത ട്രെയിന്‍ സര്‍വീസ് പതിവുപോലെ നടക്കുമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. സംഝോത ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് മറ്റു നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും ഏര്‍പ്പെട്ട ഷിംല കരാറിന്റെ അടിസ്ഥാനത്തിലാണ് 1976ല്‍ സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്