Header 1 = sarovaram
Above Pot

പ്രതിഷേധം കനത്തു , മനിതി സംഘത്തെ പോലീസ് തിരിച്ചയച്ചു ,അമ്മിണിയും മടങ്ങി

പമ്പ: ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസിന്‍റെ പ്രതികരണം.

അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിത സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.

Astrologer

വാഹനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മനിതി സംഘത്തിലെ മുതിര്‍ന്ന അംഗം ശെല്‍വിയാണ് പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്ന് പ്രതികരിച്ചത്. ശബരിമല ദര്‍ശനത്തിനായി മടങ്ങി വരുമെന്നും ശെല്‍വി പറഞ്ഞു. യുവതികളും പൊലീസും രണ്ട് രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വീണ്ടും പൊലീസിന്‍റെ വിശദീകരണം തേടി. എന്നാല്‍ സ്വന്തം തീരുമാനപ്രകാരമാണ് യുവതികള്‍ മടങ്ങിയത് എന്ന് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ആവര്‍ത്തിച്ചു. മനിതി സംഘം മടങ്ങിയെത്തിയാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലക്കല്‍ വരേയെ പൊലീസ് വാഹനത്തില്‍ യുവതികളെ കൊണ്ടുപോകുന്നുള്ളൂ എന്നും അതിന് ശേഷം സ്വന്തം വാഹനത്തിലാവും മനിതി സംഘം മടങ്ങുക എന്നും സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ മനിതി സംഘത്തെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തെിറക്കാതെ നേരെ നിലയ്ക്കലേക്ക് കൊണ്ടുപോയത് യുവതികള്‍ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.

. മനിതി സംഘത്തിന് പിന്നാലെ വയനാട്ടില്‍ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമല യാത്രയില്‍ നിന്നും പിന്മാറി. അതേസമയം മനിതി സംഘത്തിലെ കൂടുതല്‍ പേര്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയിട്ടുണ്ടെന്നും അല്‍പസമയത്തിനകം ഇവര്‍ പന്പയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശബരിമല ദര്‍ശനത്തിനായി കോട്ടയത്ത് നിന്നും ഇന്ന് രാവിലെയോടെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി എരുമേലിയില്‍ എത്തിയത്. ഇവിടെ നിന്നും അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പന്പയില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നതെന്നും ഇപ്പോള്‍ അങ്ങോട്ട് പോയാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് അമ്മിണിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് യാത്രയില്‍ നിന്നും പിന്മാറുന്നതായി അമ്മിണി അറിയിച്ചത്.പന്പയിലേക്ക് താന്‍ പോകുന്നില്ലെന്ന് അമ്മിണി അറിയിച്ചിട്ടുണ്ടെങ്കിലും അമ്മിണിയെ എത്തിച്ച എരുമേലി സ്റ്റേഷന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം വളഞ്ഞിരിക്കുകയാണ്. അമ്മിണിയെ നേരില്‍ കാണണം എന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയടക്കമുള്ളവര്‍ എരുമേലി സ്റ്റേഷനില്‍ എത്തിയെങ്കിലും ഇവരെ പൊലീസ് അമ്മിണിയെ കാണാന്‍ അനുവദിച്ചില്ല.

Vadasheri Footer