Above Pot

തൃശൂർസ്വദേശിനിയെ സന്നിധാനത്ത് ആക്രമിച്ച കേസിൽ കെ സുരേന്ദ്രന് ജാമ്യമില്ല.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തൃശൂർസ്വദേശിനിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂർ, മറ്റ് പ്രതികളായ സൂരജ്, ഹരികൃഷ്ണൻ, കൃഷ്ണപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിൽ പതിമൂന്നാം പ്രതിയാണ് കെ സുരേന്ദ്രൻ.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ തൃശൂർ സ്വദേശി ലളിതാ ദേവിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികൾക്കും എതിരായ കേസ്. അൻപത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

പിണറായി വിജയൻ പകപോക്കുകയാണെന്ന് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാപൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനിടെ സുരേന്ദ്രനെ ബിജെപി നേതൃത്വം പിന്തുണയ്ക്കുന്നില്ല എന്ന തർക്കത്തിനിടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിയിരുന്നു.

<അതേസമയം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്നും കെ സുരേന്ദ്രന് രണ്ട് കേസിൽ ജാമ്യം കിട്ടി. 2013ൽ ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ൽ നിയമം ലംഘിച്ച് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി എന്നീ കേസുകളിലാണ് ജാമ്യം കിട്ടിയത്.