ശബരിമല ക്ഷേത്രത്തിലേക്കുള്ള ദാരുശില്പങ്ങളുടെ നിർമാണം പൂർത്തിയായി സമർപ്പണം, ഏപ്രിൽ പതിനൊന്നിന്
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിൻ്റെ സ്ഥാനത്ത് മുകളിൽ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. പതിനെട്ട്കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിക്കുന്നത് കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും നിർമ്മിച്ചിട്ടുണ്ട് . പൂർണ്ണമായും തേക്ക് മരത്തിലാണ് ശില്പങ്ങൾ നിർമിച്ചത്. ദാരു ശില്പി എളവള്ളി നന്ദനാണ് ശില്പങ്ങൾ നിർമിച്ചത്.
അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണൻ ആചാരിയുടെ മകനാണ് നന്ദൻ. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പ്പങ്ങൾ നിർമിച്ചത്. സഹായികളായി നവീൻ, വിനീത്, സതീശൻ, വിനോദ് മാരായമംഗലം, ദേവൻ, അജിത്ത്, ശ്രീക്കുട്ടൻ, ഷോമി എന്നിവരും കൂടെ ചേർന്നു. കൈകണക്കുകൾ തയ്യാറാക്കിയത് ദേവസ്വം ബോർഡിൻ്റെ സ്ഥപതി മനോജ് എസ് നായരാണ്.
നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ പോപ്പുലർ അപളംഗ്രൂപ്പ് വിജയകുമാർ, പ്രദീപ് കുമാർ ചെന്നൈ, അത്താച്ചി സുബ്രമണ്യൻ അത്താച്ചി ഗ്രൂപ്പ് പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്. മാർച്ച് 29 ന് കാലത്ത് 9 മണിക്ക് ഗോപു നന്തിലത്തിൻ്റെ വസതിയിൽ നിന്ന് ശില്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും. ഏപ്രിൽ പതിനൊന്നിന് ശബരിമലയിൽ സമർപ്പണം നടക്കും. ശബരിമല ക്ഷേത്ര ശ്രീകോവിലിൻ്റെ സ്വർണ്ണ വാതിലിൻ്റെ നിർമ്മാണച്ചുമതല നന്ദനാണ് നിർവഹിച്ചത്.
ഗുരുവായൂർ ക്ഷേത്രം, മൂകാംബിക ക്ഷേത്രം, ബാംഗ്ലൂർ ജാലഹള്ളി അയ്യപ്പ ക്ഷേത്രം, കൊൽക്കത്ത ഗുരുവായൂരപ്പൻ ക്ഷേത്രം, തിരൂർ തുഞ്ചൻ സ്മാരക മ്യൂസിയം തുടങ്ങി കേരളത്തിനകത്തും പുറത്തും ധാരാളം ദാരുശില്പങ്ങൾ നിർമിച്ചിട്ടുണ്ട്. 2012 ൽ ദാരുശില്പകലകൾക്ക് കേന്ദ്ര സർക്കാരിൻ്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ പുതിയ തലമുറയുടെ പെരുന്തച്ചൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.