ശബരിമല വിവാദം ,പിടിവാശി ഉപേക്ഷിച്ച് ദേവസ്വവും ,സർക്കാരും

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയം കൈവിട്ടു പോകുന്നത് കണ്ടതോടെ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ശബരിമല വിധിയില്‍ പുനഃപരിശോധന ഹര്‍ജി കൊടുക്കുന്നത് പരിഗണിച്ചാല്‍ പ്രതിഷേധക്കാര്‍ സമരം നിര്‍ത്തുമോയെന്ന് പദ്മകുമാര്‍ ചോദിച്ചു. പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തിനില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

നേരത്തേ പന്തളം കൊട്ടാരം പ്രതിനിധികളടക്കം പുനഃപരിശോധന ഹർജി എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബോര്‍ഡ് വീണ്ടും സമവായ ശ്രമവുമായി രംഗത്ത് വന്നിരിക്കുന്നത്. പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും നാളത്തെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്ന സൂചനയാണ് പദ്മകുമാര്‍ നല്‍കുന്നത്

ഇതിനിടയിൽ ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു . ദേവസ്വം ബോര്‍ഡിന്റെ നിലപാടുകളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആര് റിവ്യൂ ഹര്‍ജി കൊടുത്താലും സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നല്‍കിയ മറുപടികളോടും മന്ത്രി പ്രതികരിച്ചു. ശബരിമല സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന നിലപാടില്‍ ഉറച്ചനില്‍ക്കുകയാണ്. തികഞ്ഞ ആര്‍എസ്എസുകാര്‍ തന്നെയാണ് ഹര്‍ജി നല്‍കിയ അഞ്ചു പേരും. ഇവര്‍ ആരാണെന്ന് സുപ്രീം കോടതിയില്‍ അന്വേഷിച്ചാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദസന്ദേശം അയച്ച എഎച്ച്പിയും വിഎച്ച്പിയും തമ്മില്‍ എന്താണ് വ്യത്യാസം. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തൊഗാഡിയ 48 മണിക്കൂര്‍ നല്‍കിയിരുന്നു. ആ സമയം കഴിഞ്ഞപ്പോള്‍ നടത്തിയ ഹര്‍ത്താല്‍ ആണ് ഇന്നു നടന്നത്. മഹാനവമി ദിവസത്തെ അലങ്കോലപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് അവര്‍ ആലോചിക്കണം അദ്ദേഹം പറഞ്ഞു