Header 1 = sarovaram
Above Pot

ഇന്നലെ രാത്രി ശബരിമലയിൽ നിന്നും അറസ്റ്റ് ചെയ്ത 68 പേരെ റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരമലയിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത 68 പേരെ പത്തനംതിട്ട മുൻസിഫ് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഒരാൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ വെറുതെ വിട്ടു .റിമാൻഡിൽ ആയവരെ തിരുവനന്തപുരം സബ് ജയിലിലേക്ക് മറ്റും കൊട്ടാരക്കര സബ് ജയിലിൽ സ്ഥലമില്ലാത്തതിനാലാണ് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയത് .

സുരക്ഷാ പ്രശ്നങ്ങള്‍ ഉളളതിനാല്‍ ഇവരെ ഒരുമിച്ചല്ല, മറിച്ച് പല ഘട്ടങ്ങളായാണ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

Astrologer

അർദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയിൽ പ്രതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു. പിടിയിലായവരിൽ നേരത്തെ പൊലീസ് ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരുമുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് സന്നിധാനത്ത് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. വിരി വയ്ക്കുന്നതിനുളള നിയന്ത്രണത്തിനെതിരെ ഇരുന്നൂറിലേറെപ്പേർ വലിയ നടപ്പന്തലിലേക്ക് ശരണം വിളിച്ച് നീങ്ങി. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധം. നട അടയ്ക്കുന്നതോടെ പിരിഞ്ഞ് പോകാമെന്ന് പൊലീസുമായുളള ചർച്ചയിൽ സമരക്കാർ ഉറപ്പ് നൽകി. പക്ഷേ നട അടച്ചതോടെ രംഗം മാറി.

പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ രംഗം വഷളായി. പ്രതിഷേധക്കാർ മാളികപ്പുറം ക്ഷേത്രത്തിന് അടുത്തേക്ക് നീങ്ങിയപ്പോഴായിരുന്നു കൂട്ട അറസ്റ്റ്. എതിർത്തവരെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി. പ്രതിഷേധത്തിനിടയിൽ ഒരാൾക്ക് പരിക്കേറ്റു.

സന്നിധാനത്ത് നിന്ന് പന്പയിലെത്തിച്ച പ്രതിഷേധക്കാരെ വാഹനങ്ങളിൽ കയറ്റി. എങ്ങോട്ട് കൊണ്ടു പോകണമെന്ന കാര്യത്തിൽ പൊലീസ് തീരുമാനം പിന്നെയും വൈകി. ഒരു മണിക്കൂറിലേറെ വാഹനങ്ങൾ ചാലക്കയത്ത് നിർത്തിയ ശേഷം മണിയാർ കെ എപി അ‍ഞ്ചാം ബറ്റാലിയൻ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. എന്നാല് പൊലീസ് ക്യാമ്പിന് മുന്നിലും പ്രതിഷേധം തുടർന്നു.

നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്.

എറണാകുളത്ത് ആർഎസ്എസ് സംഘടനാ ചുമതലയുള്ള ആർ രാജേഷ് ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചിത്തിര ആട്ട വിശേഷ സമയത്തും ഇയാൾ സന്നിധാനത്ത് സജീവമായിരുന്നു.

Vadasheri Footer