സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനം : വി എം സുധീരൻ
തൃശ്ശൂര്‍: ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. പൊലീസിന്‍റെ വീഴ്ചയാണ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം. എസ്ഡിപിഐയെ നിയമപരമായി നേരിടണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.
അടുത്തടുത്ത ദിവസങ്ങളിൽ ആയി എസ് ഡി പി ഐയുടെ ആക്രമണത്തിൽ സംസ്ഥാനത്ത് രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടത് സംസ്ഥാന പോലീസിനെ പോലും ഞെട്ടിച്ചു കഴിഞ്ഞ ദിവസമാണ് എസ് ഡി പി ഐയുടെ ആക്രമണത്തിൽ കണ്ണൂര്‍ സിറ്റിവെറ്റിലപ്പള്ളിയിലെ കട്ടറൗഫ് കൊല്ലപ്പെട്ടത് .സ്‌കൂട്ടറിലെത്തിയ ആറംഗ സംഘം തിങ്കളാഴ്ച രാത്രി ഒന്‍പതരോടെയാണ് ആദികടലായി ക്ഷേത്രത്തിനടുത്തുവെച്ച് സഹോദരന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന റൗഫിനെ വെട്ടിക്കൊന്നത്. നൗഷാദിനെ വെട്ടിക്കൊല്ലാൻ ഏഴു ബൈക്കുകളിലായി എത്തിയ പതിനാല് അംഗ സംഘമാണ് പുന്ന നൗഷാദിനെ വെട്ടിക്കൊന്നത് .നൗഷാദിന്റെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും ഗുരുതരമായി വെട്ടേറ്റു . നൗഷാദ് രക്ഷപ്പെടാതിരിക്കാൻ രക്ത ധമനികൾ എല്ലാം വെട്ടി നുറുക്കിയിരുന്നു .
സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു . കേരള രാഷ്ട്രീയത്തിൽ പുതിയ അക്രമികൾ ഉയർന്ന് വരികയാണെന്നാണ് കെ സുധാകരൻ എംപി പ്രതികരിച്ചത്. എസ്ഡിപിഐ യുടെ ഭീകരതയെ ചെറുക്കാൻ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.