അശ്‌ളീല പരാമർശം , വിജയരാഘവനെതിരെ രമ്യഹരിദാസ് പോലീസിൽ പരാതി നൽകി
ആലത്തൂർ: ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻെറ അധിക്ഷേപകരമായ പരാമർശത്തിൽ ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി.
എം.എൽ.എമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് എന്നിവരോടൊപ്പം ആലത്തൂർ ഡിവൈ.എസ്.പിക്ക് മുമ്പാകെയാണ് പരാതി നൽകിയത്. എ. വിജയരാഘവൻെറ പരാമർശം തന്നെ വേദനിപ്പിച്ചെന്നും പരാതി നൽകുമെന്നും രമ്യ നേരത്തെ അറിയിച്ചിരുന്നു.
കോഴിക്കോട് ഉൾപ്പെടെ പല ഭാഗങ്ങളിൽ നടത്തിയ പ്രസംഗങ്ങളിൽ തനിക്കെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം യാദൃശ്ചികമായി വന്നതല്ലെന്നും ആസൂത്രിതമായ നീക്കത്തിൻെറ ഭാഗമാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. പ്രസംഗം കേട്ടാൽ അക്കാര്യം വ്യക്തമാണ്. നവോഥാനം പ്രസംഗിക്കുകയും വനിതാ മതിൽ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു മുന്നണിയുടെ കൺവീനർ ഇത്തരത്തിൽ പരാമർശം നടത്തുമ്പോൾ അവരുടെ നവോഥാനം എന്താണെന്നാണ് ഉയരുന്ന ചോദ്യമെന്നും രമ്യ പറഞ്ഞു.
ആലത്തൂരിലെ ഇടത് സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ പി.കെ. ബിജു ഈ വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ ഖേദം തോന്നുന്നു. എതിർ സ്ഥാനാർഥി എന്ന നിലയിൽ നൽകേണ്ട ബഹുമാനം അദ്ദേഹത്തിൽ നിന്ന് ലഭിച്ചില്ല. പി.കെ. ബിജുവിൻെറ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഖാക്കൾ പോലും വിജയരാഘവൻെറ പരാമർശത്തെ ന്യായീകരിച്ചിട്ടില്ല.
പത്ത് വർഷമായി തെരഞ്ഞെടുത്തയച്ച ബിജുവിൻെറ നിലപാടിനെ കുറിച്ച് ചർച്ച ചെയ്യുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യേണ്ടത് ജനങ്ങളാണ്. തെറ്റ് തെറ്റാണെന്ന് പറയാൻ മുഖ്യമന്ത്രി പോലും തയാറായില്ലെന്നും സർക്കാർ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചതായും രമ്യ ഹരിദാസ് പറഞ്ഞു.
പത്രിക സമർപ്പിച്ച ശേഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു വിജയരാഘവൻെറ മോശം പരാമർശം. പത്രിക സമർപ്പിച്ച ശേഷം രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന് അറിയില്ലെന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം. വിജയരാഘവന്‍റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനിടെ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ പൊതുവേദിയില്‍ മോശം പരാമര്‍ശം നടത്തി അപമാനിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് പരാതി നല്‍കി. വിജയരാഘവന്‍ രമ്യാഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1),(4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണം. പട്ടിക ജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ച് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു