നീതി ലഭിച്ചില്ല , വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ്
തൃശൂർ : ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനെതിരായ പരാതിയില്‍ വനിത കമീഷനില്‍നിന്നും സർക്കാറിൽനിന്നും നീതിലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. രാഷ്ട്രീയത്തിനതീതമായി എതൊരു സ്ത്രീക്കും പ്രതീക്ഷയാകേണ്ടതാണ് വനിത കമീഷൻ. വനിതകളെ പിന്തുണച്ച് സംസാരിക്കാൻ വനിതകൾ തന്നെയാണ് വേണ്ടത്. രാഷ്ട്രീയം നോക്കാതെ ഇടപെടാൻ വനിത കമീഷന് കഴിയണം. നവോത്ഥാനമൂല്യം സംരക്ഷിക്കാൻ പോയ സർക്കാറിൽ നിന്ന് സ്ത്രീ എന്ന നിലയിൽ നീതി ലഭിച്ചില്ല.
പ്രതിസന്ധി ഘട്ടത്തിൽ ആലത്തൂരിൽ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് സ്ത്രീകളാണ്. പാർട്ടി ഒരുപാട് അവസരങ്ങൾ നൽകിയാണ് തന്നെ വളർത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി പ്രവർത്തിച്ചപ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. സാധാരണക്കാരന് എങ്ങനെ പ്രയോജനപ്പെടും എന്നുനോക്കിയേ തീരുമാനം എടുക്കുകയുള്ളൂ.
അയ്യപ്പനെ കാണണമെന്നുണ്ടെങ്കിലും ആചാരം മുറുകെ പിടിച്ച് മുന്നോട്ട് പോകും. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ എപ്പോഴാണോ അവിടെ പ്രവേശിക്കാൻ കഴിയുന്നത് അപ്പോൾ മാത്രമേ പോവുകയുള്ളൂ. ശബരിമല വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പമാണ് താൻ. ‘വൈകിയെങ്കിലും തെറ്റുതിരുത്തിയതിൽ സന്തോഷമുണ്ടെന്ന്’ എ. വിജയരാഘവെൻറ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിെച്ചന്ന മന്ത്രി എ.കെ. ബാലെൻറ പ്രസ്താവനയോട് രമ്യ പ്രതികരിച്ചു.