രാഷ്ട്രീയ റാലിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് വിലക്കേണ്ടതല്ലേ : ഹൈക്കോടതി
കൊച്ചി ∙ കുട്ടികളെ, രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും വിലക്കേണ്ടതല്ലേ എന്നു ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ കണ്ടതിന്റെ പശ്ചാത്തലത്തിലാണു പോക്സോ കേസുകൾ പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് പി.ഗോപിനാഥിന്റെ വാക്കാലുള്ള പരാമർശം.
പാർട്ടിയുടെ റാലികളിൽ കുട്ടികളെ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയായി വരികയാണ്. അത് എത്രമാത്രം നിയമപരമാണ്? മനസ്സിൽ മതവിദ്വേഷവുമായി വളരുന്ന ഒരു പുതിയ തലമുറയെയാണോ അവർ വളർത്തിയെടുക്കുന്നത്? ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ്സ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക?’ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ രാഷ്ടീയ, മത റാലികളുടെ ഭാഗമാക്കാമോയെന്നും കോടതി ചോദിച്ചു