ബൈക്കിൽ എത്തി രണ്ടു സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമം , ഇരുവരും ചെറുത്തു നിന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു.
ഗുരുവായൂർ : പുലര്‍ച്ചെ നടന്ന് പോകുകയായിരുന്ന രണ്ട് സ്ത്രീകളുടെ മാലപൊട്ടിക്കാന്‍ ശ്രമം.രണ്ട് സ്ത്രീകളും ചെറുത്ത് നിന്നതോടെ തല നാരിഴക്കാണ് മാല നഷ്ടപ്പെടാതിരുന്നത് . ചങ്ക് ഉറപ്പോടെ ഇരുവരും നേരിട്ടതോടെ ബൈക്കിലെത്തിയ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ചാമുണ്ഡ്വേശ്വരി പുത്തന്‍ വീട്ടില്‍ പരേതനായ വേലായുധന്റെ മകള്‍ പങ്കജവല്ലി 65 , മമ്മിയൂര്‍ വടേക്കര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ഊര്‍മിള 60 എന്നിവരുടെ മാലകളാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്.
രാവിലെ ആറേകാലിന് കൈരളി ജംഗ്ഷനിലാണ് പങ്കജവല്ലിയുടെ മാല കവരാന്‍ ശ്രമം നടന്നത്. ജോലിക്ക് പോകുകയായിരുന്ന പങ്കജവല്ലിയുടെ മൂന്ന് പവന്റെ മാല മോഷ്ടാവ് വലിച്ചെങ്കിലും വസ്ത്രത്തില്‍ ഉടക്കിയതിനാല്‍ നഷ്ടപ്പെട്ടില്ല. മാല മോഷ്ടാവിന്റെ കയ്യിലകപ്പെട്ടെങ്കിലും പങ്കജവല്ലിയുടെ പിടിവലിയില്‍ തിരികെ കിട്ടി. ഇവര്‍ നിലവളിച്ചതോടെ രണ്ട് സ്ത്രീകള്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു.
ആറരയോടെ പെരുമ്പിലാവില്‍ റോഡിലാണ് ഊര്‍മിളയുടെ മാല കവരാന്‍ ശ്രമമുണ്ടായത്. അയല്‍വാസിയായ സ്ത്രീക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ ബൈക്കിലെത്തിയ മോഷ്ടാവ് ഊര്‍മിളയുടെ ഒരുപവന്റെ കരിമണി മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. ഊര്‍മിള മാലയില്‍ പിടുത്തമിട്ട് ബഹളം വച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. കറുത്ത ബൈക്കില്‍ ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ഇരുവരും പറഞ്ഞു. ടെമ്പിള്‍ എസ്.ഐ സി.ആര്‍.സുബ്രമണ്യന്റെ നേതൃത്വത്തില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പോലീസ് മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.